Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറസിൽ ‘പൂത്തുമ്പി’ പോലെ ഹെലികോപ്റ്റർ; സല്യൂട്ട് ക്യാപ്റ്റൻ രാജ്കുമാർ, ഈ ധൈര്യത്തിന്

കെ.അഖിൽ അശോക്
Author Details
Follow Facebook

കൊച്ചി ∙ മനമൊന്നായി കേരളം പ്രളയത്തെ നേരിടുമ്പോൾ രക്ഷാപ്രവർത്തനത്തിൽ സാഹസത്തെ ഒപ്പംകൂട്ടി ക്യാപ്റ്റൻ പി.രാജ്കുമാർ.  സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം തരംഗം സൃഷ്ടിച്ച നാവിക സേനയുടെ തകർപ്പൻ രക്ഷാപ്രവർത്തന വിഡിയോയിലെ വീരനായകൻ ഇദ്ദേഹമാണ്. നാവികസേനയുടെ സീകിങ് 42 സി എന്ന വമ്പൻ ഹെലികോപ്റ്റർ ഒരു വീടിനു മുകളിൽ അതിസാഹസികമായി ഇറക്കിയാണ് 26 പേരെ രക്ഷിച്ചത്. ഓഖി ദുരന്തസമയത്ത് മോശം കാലാവസ്ഥ വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യ ചക്ര മെഡൽ നൽകി ആദരിച്ച വ്യക്തിയാണ് ഈ മലയാളി. കലിതുളളിയ കാലവർഷത്തിൽ ഓണനിറം മങ്ങി കേരളം വെള്ളപ്പൊക്കക്കെടുതിയിലാണ്ടപ്പോൾ ഒരു ‘പൂത്തുമ്പി’ പോലെ അങ്ങിങ്ങായി ഹെലികോപ്റ്റർ പറത്തി രക്ഷാദൗത്യങ്ങളിലായിരുന്നു അദ്ദേഹം. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിലെ ഐഎൻഎസ് ഗരുഡയിലെ ഉന്നത ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശിയാണ്.

rajkumar-helicopter ക്യാപ്റ്റൻ പി.രാജ്കുമാർ, വെള്ളപ്പൊക്കത്തിനിടെ ടെറസിൽ ഇറക്കിയ സീ കിങ് ഹെലികോപ്റ്റർ.

നിസാരമല്ല, ടെറസിലെ ഈ ലാൻഡിങ്

ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ ഹെലികോപ്റ്ററുകളിൽ ഒന്നാണ് സീകിങ് 42 സി. ഇത്ര വലിയ ഹെലികോപ്റ്റർ മരങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും ഇടയിലൂടെ സുരക്ഷിതമായി ഒരു വീടിനു മുകളിൽ ഇറക്കുകയെന്നത് നിസാരമല്ല.  തികഞ്ഞ വൈദഗ്ധ്യമുള്ളവർക്കു മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ഉയരത്തിൽ സ്ഥായിയായി നിർത്തി ആളുകളെ  പ്രത്യേക ലോഹ റോപ്പിലൂടെ തൂക്കിയെടുക്കുകയാണെങ്കിൽ (വിൻചിങ്) സമയനഷ്ടവും ഇന്ധനനഷ്ടവും ഏറെ വലുതാണ്. ക്യാപ്റ്റൻ രാജ്കുമാറിന്റെ ധൈര്യവും കൃത്യമായ ഇടപെടലിലും രക്ഷാപ്രവർത്തനം വേഗം നടത്താൻ സഹായിച്ചു.

rajkumar-helicopter-new വെള്ളപ്പൊക്കത്തിനിടെ ടെറസിൽ ഇറക്കിയ സീ കിങ് ഹെലികോപ്റ്റർ. ഇൻസെറ്റിൽ ക്യാപ്റ്റൻ പി.രാജ്കുമാർ,

മിനിറ്റിൽ 203 തവണയാണ് സീകിങ് കോപ്റ്ററിന്റെ ബ്ലൈയ്ഡുകൾ കറങ്ങുന്നത്. വലിയ മെയിൻ റോട്ടർ ബ്ലൈയ്ഡുകൾ (കോപ്റ്ററിനു മുകളിലെ ഫാൻ ലീഫുകൾ) ഉള്ള സീകിങ് ഹെലികോപ്റ്റർ പരിമിതസ്ഥലത്ത്  താഴെ എയർക്രാഫ്റ്റ് ഹാൻഡിലിങ്ങിന് പോലും ആളില്ലാതെ സുരക്ഷിതമായി ഇറക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ളതും.

സാഹസികതയുടെ സഹയാത്രികൻ

rajkumar-in-action വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വീടിന്റെ ടെറസിൽ ഹെലികോപ്റ്റർ ഇറക്കിയപ്പോൾ.

സാഹസികത നിറഞ്ഞ പ്രവർത്തികൾ എന്നും ധൈര്യപൂർവം  ഏറ്റെടുത്ത വ്യക്തിയാണ് രാജ്കുമാർ. ഓഖി ദുരന്തം ഉണ്ടായപ്പോൾ കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളെ വളരെ വേഗം കണ്ടെത്താനും രക്ഷിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഈ സമയത്തെ മികച്ച പ്രവർത്തനത്തിനാണ് യുദ്ധേതരഘട്ടത്തിൽ ആത്മത്യാഗത്തോടെയുള്ള അർപ്പണത്തിനു രാജ്യം നൽകുന്ന സൈനിക ബഹുമതിയായ ‘ശൗര്യചക്ര’ ക്യാപ്റ്റനെ തേടിയെത്തിയത്. നിർണായക സമയങ്ങളിൽ സീകിങ്ങ് കൂടാതെ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകൾ പറത്താനും ക്യാപ്റ്റൻ രാജ്കുമാർ വിദഗ്ധനാണ്. പ്രധാനപ്പെട്ട വിഐപികൾ വരുമ്പോൾ പലപ്പോഴും ഇദ്ദേഹത്തിനാണ് ചുമതല.

എന്താണ് സീകിങ്?

sea-king-1

ഇന്ത്യൻ നാവികസേനയുടെ കൈവശം രണ്ടു തരം സീകിങ് ഹെലികോപ്റ്ററുകളാണ് ഉള്ളത്. സീകിങ്ങ് 42 ബിയും സീകിങ് 42 സിയും. ഇതിൽ ബി ഉപയോഗിക്കുന്നത് അന്തർവാഹിനികളും കപ്പലുകളും കണ്ടെത്താനും അതിനെ നശിപ്പിക്കാനുമാണ്.

sea-king

സി ഉപയോഗിക്കുന്നത് സൈനികരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും ദുരിതാശ്വാസരംഗത്ത് എയർ ആംബുലൻസ് ആയും. വിഐപി എസ്കോർട്ട്, സെർച്ച് ആൻഡ് റെസ്ക്യൂ തുടങ്ങിയ ആവശ്യങ്ങൾക്കും 42 സി ഉപയോഗിക്കുന്നു.

related stories