Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ദിവസം 3000 രൂപയും: മുഖ്യമന്ത്രി പിണറായി

Flood പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി. ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക സഹകരണം ഉറപ്പാക്കും. ക്യാംപില്‍നിന്നു ജനങ്ങള്‍ക്കു തിരികെ പോകുന്നതിനു വീടുകളിൽ സൗകര്യം ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പാക്കണം. ശുദ്ധജലം ഏറ്റവും പ്രധാനമാണ്.

ജലസ്രോതസുകള്‍ അടിയന്തരമായി ശുദ്ധീകരിക്കും. ശുദ്ധജല പൈപ്പുകള്‍ മുറിഞ്ഞതു വേഗത്തില്‍ പുനഃസ്ഥാപിക്കും. പുനരധിവാസത്തില്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാവരുടെയും സഹായം തേടും. റസിഡന്റ്സ് അസോസിയേഷനുകള്‍ക്കു വലിയ പങ്ക് വഹിക്കാന്‍ കഴിയും. രക്ഷാപ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസമാണ്. ആദ്യഘട്ടത്തിൽ പരമാവധിപ്പേരെ രക്ഷിക്കാനായി. അടുത്തഘട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി രക്ഷിക്കുകയും ചെയ്യും.

ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു ഭക്ഷണമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാംപുകളില്‍ വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടിയെടുക്കും. വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ അവസ്ഥ പരിശോധിച്ചശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയൂ. തെരുവുവിളക്ക് കത്തിക്കാനും പമ്പിങ്ങിനുമുള്ള വൈദ്യുതി ആദ്യം പുനഃസ്ഥാപിക്കും.

വെള്ളം ഇറങ്ങുമ്പോള്‍ ചെളി കെട്ടിക്കിടക്കും. ശുചിത്വം ഇല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകും. മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതു പ്രധാനകാര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കേരള മിഷന്‍ മാലിന്യങ്ങള്‍ നീക്കും. ഇതിനുവേണ്ടി പ്രത്യേക ടീമുകളെ ഓരോ വാര്‍ഡിലും നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളാകണം.

ഓരോ വാര്‍ഡിലും ഒരു ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടാകും. വളണ്ടിയര്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടാകും. ഒരു പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തിലും ആളെ നിയമിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനു പ്രോട്ടോകോള്‍ ഉണ്ടാക്കും. ആരോഗ്യ, തദ്ദേശ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി ഇതു പരിശോധിക്കും. ഫയര്‍ഫോഴ്സും മാലിന്യം നീക്കാനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രേഖകള്‍ വേഗത്തില്‍; മൽസ്യത്തൊഴിലാളികള്‍ക്ക് സഹായം

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകം അച്ചടിച്ചതുണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കതും നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മൽസ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കും. കേടായ ബോട്ടുകള്‍ക്കു ന്യായമായ നഷ്ടപരിഹാരം. ബോട്ടുകള്‍ തിരികെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഗുരുതരമായ രോഗികളെ ക്യംപുകളില്‍നിന്ന് ആശുപത്രികളിലെത്തിക്കും. അവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് വിവിധയിടങ്ങളില്‍ സംഘടിപ്പിക്കും. റോഡുകള്‍ തകര്‍ന്നതിലൂടെ 4451 കോടിയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. 221 പാലങ്ങള്‍ക്കു കേടുപാടുണ്ട്. 59 പാലങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവർക്കെല്ലാം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

related stories