Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽനിന്ന് 5 ടൺ വസ്തുക്കൾ; ദുരിതാശ്വാസ നിധിയിലേക്ക് 1.12 കോടി

palakkad-pattambi-bridge പെരുമഴയിൽ തകർന്ന പട്ടാമ്പി പാലം.

ന്യൂഡൽഹി ∙ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള സഹായമായി ഡൽഹി കേരളഹൗസിൽ സമാഹരിച്ച അഞ്ച് ടൺ അവശ്യവസ്തുക്കൾ വിമാനമാർഗം കേരളത്തിൽ എത്തിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയുമായാണു സാധനങ്ങൾ എത്തിച്ചത്. കേരള ഹൗസിലെ കൗണ്ടറിലേക്കു ധാരാളം പേർ സഹായവുമായി എത്തുകയാണ്. സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സാധനങ്ങൾ എത്തിച്ചു. മലയാളികൾക്കു പുറമേ ഡൽഹി സ്വദേശികളും ഇതര സംസ്ഥാനക്കാരും സാധനങ്ങളുമായെത്തി.

ഭക്ഷണം, മരുന്നുകൾ, വസ്ത്രം, ശുചീകരണ വസ്തുക്കൾ, വെള്ളം എന്നിങ്ങനെ ഇനംതിരിച്ചു പ്രത്യേക പാക്കറ്റുകളിലാക്കി അയക്കുകയാണു ചെയ്യുന്നത്. കേരള ഹൗസിലെ ജീവനക്കാർക്കൊപ്പം ഡൽഹിയിലെ വിവിധ കോളജുകളിൽ നിന്നെത്തിയ വിദ്യാർഥികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. നാഫെഡ് മുഖേന 50 മെട്രിക് ടൺ പയർ വർഗങ്ങൾ എയർഫോഴ്‌സ് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചു. 60 മെട്രിക് ടൺ ഉടനെ എത്തിക്കും. ഗ്ലൂക്കോസ് ഉൾപ്പെടെ 57 മെട്രിക് ടൺ മരുന്നുകൾ തിരുവനന്തപുരത്ത് എത്തിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുദിവസം കൊണ്ട് 1.12 കോടി രൂപ സമാഹരിച്ചു. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഒരു കോടി രൂപ നൽകിയിരുന്നു. വരുൺ ഗാന്ധി രണ്ട് ലക്ഷം രൂപ നൽകി. ചെക്കായും ഡിഡിയായുമാണു ധനസമാഹരണം. ഒട്ടേറെപ്പേർ ഓൺലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകുന്നുണ്ട്.

related stories