Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ വസ്തുക്കൾ ട്രെയിൻ വഴി സൗജന്യമായി എത്തിക്കും: റെയിൽവേ

Water Train വാട്ടർ ട്രെയിൻ (ഫയൽ ചിത്രം)

പാലക്കാട് ∙ പ്രളയ ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ട്രെയിൻ വഴി സൗജന്യമായി എത്തിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി. സ്ഥാപനങ്ങളും യാത്രക്കാരും കെ‍ാണ്ടുവരുന്ന സാധനസാമഗ്രികൾക്ക് ആനുകൂല്യം ലഭിക്കും. പ്രളയത്തിനിടയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ രണ്ടു ജലട്രെയിനുകൾ സംസ്ഥാനത്തെത്തി. പൂണെയിൽ നിന്നുള്ള മൂന്നാമത്തെ ജലട്രെയിൻ ചൊവ്വാഴ്ച കെ‍ാച്ചിയിലെത്തും.

ഇതിനകം മൂന്നു ലക്ഷം റെയിൽനീർ ബേ‍ാട്ടിലുകൾ വിതരണം ചെയ്തു. ദുരിതാശ്വാസ വസ്തുക്കൾക്കു ചരക്കുകൂലി ഈടാക്കില്ല. ഇതിനായി ട്രെയിനുകളിൽ പ്രത്യേക വാൻ ഘടിപ്പിക്കാൻ ഡിവിഷനുകളെ ചുമതലപ്പെടുത്തി. വസ്തുക്കൾ ശേഖരിച്ച് ജില്ലാഅധികൃതർക്കു കൈമാറാൻ സ്റ്റേഷനുകളിലെ പാർസൽ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമായി. ദുരിതബാധിതർക്ക് യാത്രചെയ്യാൻ ആവശ്യമെങ്കിൽ കൂടുതൽ ബേ‍ാഗികൾ ഒരുക്കും.

ദുരിത ബാധിതർക്ക് മുഴുവൻ പ്രധാന സ്റ്റേഷനുകളിലും ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും നടപടി ആരംഭിച്ചു. ഇതരസംസ്ഥാന തെ‍ാഴിലാളികൾക്കും മറ്റുസംസ്ഥാനങ്ങളിൽ ജേ‍ാലിചെയ്യുന്നവർക്കും സ്വന്തംനാട്ടിലും സ്ഥാപനങ്ങളിലും എത്താൻ പ്രത്യേക ട്രെയിനുകൾ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ദീർഘദൂര സർവീസുകൾ തുടങ്ങിയത്. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സഹായം 31 വരെ തുടരാനാണ് തീരുമാനം. ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് ദക്ഷിണറെയിൽവേ അധികൃതർ പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ ചില സ്റ്റേഷനുകളിൽ ദുരിതബാധിതർ അഭയം തേടിയിട്ടുണ്ട്‌‌.

related stories