Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ബന്ധം ആഗ്രഹിക്കുന്നു: ഇമ്രാനെ അഭിനന്ദിച്ച് മോദി

imran-khan-modi ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള ക്രിയാത്മകവും അർഥവത്തുമായ നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻഖാന് അയച്ച അഭിനന്ദന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ഇമ്രാൻ വിജയിയായ ഉടൻ മോദി അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മേഖലയിൽ സമാധാനവും പുരോഗതിയും കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ വിഷയമായിരുന്നു. 

ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹം ഇമ്രാൻഖാനും നേരത്തെ പ്രകടമാക്കിയിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു ചുവടു വച്ചാൽ രണ്ടു ചുവടു വയ്ക്കാൻ പാക്കിസ്ഥാൻ ഒരുക്കമാണെന്നായിരുന്നു ഇമ്രാന്‍റെ വാക്കുകൾ.‌

യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടു തന്നെ ഇരുരാജ്യങ്ങളും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അഭിപ്രായപ്പെട്ടു. ‘നമ്മൾ അയൽക്കാരാണ്, കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ നമുക്കിടയിലുണ്ട്, ഇതിനെക്കുറിച്ച് നമുക്കു പൂർണ ബോധ്യവുമുണ്ട്. ചർച്ചകൾ നടത്തുകയല്ലാതെ പ്രശ്നപരിഹാരത്തിനു മറ്റു മാർഗങ്ങളില്ല. സാഹസികത ഒരു പരിഹാരമല്ല. മുടക്കമില്ലാത്ത തുടർച്ചയായുള്ള ചർച്ചകളാണ് ആവശ്യം’ – ഖുറേഷി പറഞ്ഞു. 

related stories