Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകുകൾ, ഫംഗസ് ബാധ, പാമ്പുകടി: അതിജീവനത്തിന്റെ ആദ്യകടമ്പകൾ

alappuzha-flood ജീവിതത്തിലേക്ക്: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽനിന്നു രക്ഷപ്പെടുത്തിയവർ ലോറിയിൽ ദുരിതാശ്വാസ ക്യാംപിലേക്ക്.

മഴക്കാർമേഘങ്ങൾ നീങ്ങി കേരളം അതിജീവനത്തിന്റെ കരുതലിലേക്ക് കൺതുറക്കുമ്പോൾ കടക്കേണ്ട കടമ്പകൾ ഏറെ. ദുരിതാശ്വാസ ക്യാംപുകൾ എകോപനത്തിന്റെ പുതിയ പാഠങ്ങളുമായി മുന്നേറുമ്പോൾ ദുരിതബാധിതരെ കാത്തിരിക്കുന്നത് നിരവധി കടമ്പകളാണ്. ദുരിതമേഖലയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും മറ്റു വസ്തുക്കളുടെയും നിലവാരം ഉറപ്പാക്കാനായില്ലെങ്കിൽ രോഗബാധയുടെ പുതിയ പ്രതിസന്ധികളാകും കടന്നെത്തുക.

Read More: വെള്ളത്തിൽ വീണയാളെ കരയിൽ എത്തിച്ചാൽ ആദ്യം ചെയ്യേണ്ടത്

രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലായതോടെ രോഗപ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ് രംഗത്തെത്തിക്കഴിഞ്ഞു. ക്യാംപുകളിലെത്തിച്ചിരിക്കുന്നവർക്ക് വസ്ത്രങ്ങളും പുതപ്പുകളും ഉറപ്പുവരുത്താനുളള ഭഗീരഥ പ്രയ്ത്നത്തിലാണ് സന്നദ്ധപ്രവർത്തകർ. മഴക്കെടുതിക്കിടെ കടന്നുവന്ന ഓണാവധി മറ്റ് ആഘോഷങ്ങൾക്കു മാറ്റാതെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കോളജ് വിദ്യാർഥികൾ പലയിടത്തും പ്രളയദുരിതത്തിലെ ആശ്വാസക്കാഴ്ചയാവുന്നു.

Read More: വെള്ളപ്പൊക്കം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ദുരിതാശ്വാസക്യാംപുകളെ ചുറ്റിപ്പറ്റിയുള്ളത്. വെള്ളത്തിലിറങ്ങുന്നവർക്ക് കാൽവിരലുകളിൽ വളംകടി രോഗം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. മലിനജലത്താൽ ചുറ്റപ്പെട്ട മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരിൽ ഫംഗസ് രോഗങ്ങൾ പകരാൻ സാധ്യതയുള്ളതിനാൽ ആന്റിഫംഗൽ ലേപനങ്ങൾ ഉറപ്പാക്കണം. കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വയറിളക്കരോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ നൽകണം. കുടിവെള്ളം മലിനമാകുന്നതുമൂലം ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഛർദി– അതിസാരരോഗങ്ങൾ‍, എലിപ്പനി തുടങ്ങിയവ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ടു പെരുകി ഉണ്ടാകുന്ന കൊതുകുജന്യ രോഗങ്ങളോടും കരുതൽ വേണം.

Read More: കുടിവെള്ളത്തിലും വേണം ശ്രദ്ധ

പല ഭാഗങ്ങളിൽ നിന്നും പ്രളയജലം ഒഴിയുന്ന വാർത്തകൾ ആശ്വാസമാണെങ്കിലും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളും കരുതലോടെ വേണം ചെയ്യാൻ. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ആരോഗ്യവും ഗൗരവമേറിയ വിഷയം. കുന്നുകൂടി കിടക്കുന്ന സാധനങ്ങൾ രക്ഷാപ്രവർത്തകർ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന മുറിവുകൾ, പരിക്കുകൾ, പാമ്പുകടി എന്നിവയും വെള്ളത്തിലൂടെ പകരാൻ സാധ്യതയുള്ള എലിപ്പനിയും പ്രതിരോധിക്കേണ്ട പ്രത്യേക സാഹചര്യമാണ് നിലവിലുളളത്. എലിപ്പനി പ്രതിരോധിക്കാൻ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ഡോക്സിസൈക്ലിൻ (ഗുളികയും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും അസിത്രോമൈസിൻ ഗുളികയും സാധാരണയായി നിർദേശിക്കപ്പെടുന്നു. ഇവ യഥാക്രമം അതാത് ദുരിതാശ്വാസ ക്യാംപുകളിൽ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യപ്രവർത്തകർ.

സന്നദ്ധപ്രവർത്തകർ ശ്രദ്ധിക്കേണ്ട ആരോഗ്യവിഷയങ്ങൾ

ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയാണ് ആദ്യം ഉറപ്പാക്കേണ്ടത്. കുപ്പി (പാക്കേജ്ഡ്) വെള്ളമല്ലാതെ ലഭിക്കുന്നവ അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. തിളപ്പിക്കാനുപയോഗിച്ച പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണു നല്ലത്.

Read More: ദുരിതാശ്വാസ ക്യാമ്പുകളിൽ വേണ്ട മരുന്നുകൾ

ഭക്ഷണം പാചകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും ഉറപ്പാക്കണം. കഴിവതും ചൂടോടെ തന്നെ കഴിക്കണം. സൂക്ഷിച്ചുവയ്ക്കേണ്ട സാഹചര്യങ്ങളിൽ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കണം. പാചകം ചെയ്ത പാത്രങ്ങൾ വൃത്തിയുള്ള വെള്ളത്തിൽ കഴുകി കഴിവതും ഉണങ്ങിയ സ്ഥലത്തുതന്നെ സൂക്ഷിക്കണം.

കൈകളുടെ വൃത്തിയാണ് രോഗ പ്രതിരോധത്തിന്റെ ആദ്യ പടി. ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. മലമൂത്രവിസർജനത്തിനു ശുചിമുറികൾ മാത്രം ഉപയോഗിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം പകർച്ചവ്യാധികൾക്കു വഴിവയ്ക്കും.

Read More: പ്രളയത്തിൽ ഒറ്റപ്പെട്ടു പോയവർ അറിയാൻ

വീട്ടിൽനിന്നു വെള്ളമിറങ്ങിയതിനു ശേഷമുള്ള വൃത്തിയാക്കലും കുന്നുകൂടി കിടക്കുന്ന സാധനങ്ങൾ നീക്കം ചെയ്യലും ശ്രമകരമായ ജോലിയാണ്. തറയും വീടിന്റെ പരിസരവുമെല്ലാം വൃത്തിയാക്കുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിക്കണം. ക്ലീനിങ് ലോഷനോ ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് മുറികളും തറകളും അണുവിമുക്തമാക്കണം. ഒപ്പം വീടിനു ചുറ്റും കഴിവതും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വെള്ളക്കെട്ടിൽ കൊതുകുകളുടെ ലാർവകളുണ്ടെങ്കിൽ അണുനാശിനികൾ ഉപയോഗിച്ച് നശിപ്പിക്കുകയും വേണം. ജനാലകളും വെന്റിലേറ്ററുകളും വഴി കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ ഇഴയടുപ്പമുള്ള വലയോ മറ്റോ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾ പലതും വിഷമില്ലാത്തയിനങ്ങളാണെങ്കിലും എന്തെങ്കിലും കടിച്ചതായി തോന്നിയാൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടണം. കടിയേറ്റ ഭാഗത്ത് രണ്ടു പാടുകളാണു കാണുന്നതെങ്കിൽ അതു വിഷപ്പാമ്പിന്റെ ലക്ഷണവും അർധവൃത്താകൃതിയിലുള്ള പാടാണെങ്കിൽ വിഷമില്ലാത്ത പാമ്പിന്റെ ലക്ഷണവുമാണ്. പാമ്പു കടിയേറ്റ ആളിനെ ഓടാനോ നടക്കാനോ അനുവദിക്കരുത്.

related stories