Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയുടെ 700 കോടി സഹായം; പുനരധിവാസത്തിന് ബൃഹത് പദ്ധതി: മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ∙ പ്രളയക്കെടുതിയിൽ തകർന്നത് അതേപടി പുനഃസ്ഥാപിക്കലല്ല പുനരധിവാസത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുമെന്നു പറഞ്ഞ അദ്ദേഹം വായ്പാപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉൾപ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത് പദ്ധതിയുണ്ടാക്കും. എല്ലാ വകുപ്പുകളോടും ആക്‌ഷൻ പ്ലാൻ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജിഎസ്ടിയിൽ 10% സെസ് ഏർപ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎഇ ഭരണകൂടത്തോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നു.

സ്വകാര്യ ബാങ്കുകൾ ദുരിതാശ്വാസ ക്യാംപുകളിൽ പോയി കുടിശിക ഈടാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ പാടില്ല. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കണം. വായ്പാ തിരിച്ചടവിന്റെ പ്രയാസം കണക്കിലെടുത്തു പെരുമാറണമെന്നു ബാങ്കുകൾക്കു നിർദേശം നൽകും. മഴക്കെടുതി ചർച്ച ചെയ്യാൻ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

related stories