Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി തുറക്കുന്നതിനൊപ്പം മനസ്സുകള്‍ അടയ്ക്കുന്നത് അപകടകരം: സോണിയ

Sonia Gandhi

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വിപണി തുറക്കുന്നതിനൊപ്പം മനസ്സുകള്‍ കൊട്ടിയടയ്ക്കുന്നത് അപകടകരമായ അവസ്ഥയാണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. സാമ്പത്തിക പുരോഗതിയും സാമൂഹിക നവീകരണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇതുരണ്ടും കൈകോര്‍ത്തു മുന്നേറണം. അല്ലെങ്കില്‍ അത് ആപത്കരമായ സംയോജനമായി മാറുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്കു സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.

രാജ്യത്തിനുള്ളിലെ വിഭാഗീയ, വിദ്വേഷ, മതഭീകര ശക്തികള്‍ക്കെതിരേ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും സോണിയ വ്യക്തമാക്കി. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 'സദ്ഭാവന'യെന്ന ആശയത്തിനു വര്‍ത്തമാനകാല സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ടെന്നും സോണിയ പറഞ്ഞു.

ഇന്ത്യയുടെ അദ്ഭുതാവഹമായ നാനാത്വമാണ് ഏകത്വത്തിന്റെ അടിസ്ഥാനമെന്ന് രാജീവ് ഗാന്ധി ഉറച്ചു വിശ്വസിച്ചിരുന്നു. അതാണു സദ്ഭാവന കൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലനില്‍പ് പോലും ത്യജിച്ച് രാജീവ് ഗാന്ധി രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ദേശതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ കൂട്ടായ പോരാട്ടം നടത്താന്‍ സോണിയ ആഹ്വാനം ചെയ്തു.