പമ്പ ഗതിമാറി, പാലങ്ങൾ തകർന്നു; ഓണം പൂജയ്ക്ക് ശബരിമലയാത്ര കഠിനം

ശബരിമല ക്ഷേത്രം

ശബരിമല ∙ ഓണം പൂജയ്ക്കു ശബരിമലയിലേക്കുള്ള യാത്ര ബുദ്ധിമുട്ടിൽ. നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി സന്നിധാനത്തിൽ എത്താൻ കഴിയില്ല. പമ്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂർണമായും കുറഞ്ഞിട്ടില്ല. പമ്പ ഇപ്പോൾ ഗതിമാറി ഒഴുകുകയാണ്. പമ്പാ മണൽപ്പുറത്ത് കടകൾ, അന്നദാനമണ്ഡപം, ശുചിമുറികൾ എന്നിവ  ഉണ്ടായിരുന്ന ഭാഗത്തു കൂടിയാണ് ഇപ്പോൾ നദി ഒഴുകുന്നത്. നേരത്തെ നദി ഉണ്ടായിരുന്ന ഭാഗം മണ്ണടിഞ്ഞു കരയായി. ത്രിവേണിയിലെ രണ്ടു പാലവും തകർന്നു. നദിയിലും വശത്തും ചെളിനിറഞ്ഞ മണ്ണായതിനാൽ ചവിട്ടിയാൽ താഴും. അതിനാൽ  ഇറങ്ങാൻ പറ്റില്ല. നദി ഇപ്പോൾ പോകുന്ന ഭാഗത്തു ശക്തമായ ഒഴുക്കാണ്.

ളാഹയ്ക്കും പമ്പക്കും മധ്യേ പലയിടത്തും റോഡിന്റെ വശം ഇ‌ടിഞ്ഞിട്ടുണ്ട്. അതിനാൽ ളാഹ വഴി പമ്പയിലേക്കുള്ള വാഹനയാത്ര അപകടമാണ്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പലയിടത്തും വെട്ടിമാറ്റുന്നതേയുള്ളു. പ്ലാന്തോട് ഭാഗത്ത്  റോഡ് പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ പമ്പയിലേക്കു വാഹനത്തിൽ എത്താൻ കഴിയില്ല. പത്തനംതിട്ടയിൽനിന്നു പമ്പയ്ക്കുള്ള ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. എരുമേലിയിൽനിന്നു പമ്പയ്ക്കുള്ള ബസ് അട്ടത്തോട് വരെ എത്തി തിരിഞ്ഞു പോകുകയാണ്.

വണ്ടിപ്പെരിയാർ സത്രത്തിൽനിന്നു പുല്ലുമേട് വഴി കാൽന‌ടയാത്രയായി  മാത്രമേ സന്നിധാനത്തിൽ എത്താൻ പറ്റൂ. സത്രത്തിൽനിന്നു സന്നിധാനത്തിൽ എത്താൻ 22 കിലോമീറ്റർ ഉൾവനത്തിലൂടെ നടക്കണം. കാട്ടുവഴി തെളിച്ചിട്ടില്ല. വന്യമൃഗങ്ങൾ ഏറെയുള്ള കാട്ടുവഴിയായതിനാൽ  വനപാലകരുടെ സഹായമില്ലാതെ  ഇതുവഴി നടന്നു പോകാൻ പറ്റില്ല. പമ്പയിലും  സന്നിധാനത്തും. ഭക്ഷണക്ഷാമം രൂക്ഷമായിരുന്നു. ഇന്നലെ ഇവിടെ ഹെലിക്കോപ്റ്ററിൽ ഭക്ഷണം എത്തിച്ചു.

ഓണം പൂജയ്ക്ക് 23 നു വൈകിട്ട് അഞ്ചിന് അയ്യപ്പ ക്ഷേത്രനട തുറക്കും. മേൽശാന്തിയും തന്ത്രിയും സന്നിധാനത്തിലുണ്ട്. അതിനാൽ പൂജകൾക്കു തടസ്സമുണ്ടാകില്ല. 28 നു രാത്രി 10 നു മാത്രമേ നട അടയ്ക്കൂ. പക്ഷേ ഈ ദിവസങ്ങളിൽ തീർഥാടകർക്കു സന്നിധാനത്തിൽ എത്താനുള്ള സാഹചര്യം നിലവിലില്ല.

യാത്ര അപകടകരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

ശബരിമല ∙ സന്നിധാനത്തേക്കുള്ള യാത്ര ദുഷ്ക്കരമാണെന്നും ഏതുസമയും അപകടം സംഭവിക്കാവുന്ന റോഡുകളിലൂടെ യാത്ര ചെയ്യാൻ‌ അയ്യപ്പഭക്തര്‍ ശ്രമിക്കരുതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാർ.

തീർഥാടകർ സുരക്ഷിതമായ പാതയിലൂടെ മാത്രമേ ശബരിമലയിലേക്ക് എത്താന്‍ ശ്രമിക്കാവൂ. തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നു സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പമ്പാനദി ഗതി മാറി ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍, ഇറിഗേഷന്‍ വകുപ്പിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം. പമ്പയിലെ പാലങ്ങള്‍ തകര്‍ന്നതിനാല്‍ ഭക്തര്‍ക്കു നദി കടക്കാന്‍ താല്‍ക്കാലിക പാലം നിര്‍മിക്കേണ്ടതുണ്ട്. പ്ലാപ്പള്ളിയില്‍നിന്നു ചാലക്കയം വരെ പല സ്ഥലത്തും റോഡ് വിണ്ടു കീറിയിട്ടുണ്ട്. ഭക്തര്‍ ജാഗ്രതയോടെ പോകണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. അവ അനുസരിച്ചാല്‍ മാത്രമേ ഭക്തരെ ശബരിമലയിലേക്കു കടത്തിവിടുകയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

റോഡിന്റെ വശങ്ങൾ ഇടിഞ്ഞിരിക്കുന്നതിനാൽ അപകടം ഉണ്ടാകാതിരിക്കാൻ വാഹനങ്ങൾ വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി വഴി നിലയ്ക്കൽ എത്തണം. അവിടെനിന്നു പൊലീസിന്റെ നിർദേശം അനുസരിച്ചു മാത്രമേ പമ്പയിലേക്കു പോകാൻ അനുവദിക്കു.