Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിക്ക് 700 കോടി; യുഎഇ സർക്കാരിന് അഭിനന്ദന പ്രവാഹം

uae-kerala

തിരുവനന്തപുരം∙ പ്രളയക്കെടുതിയെ അതിജീവിക്കാൻ കേരളത്തിന് 700 കോടിരൂപയുടെ സഹായം വാഗ്ദാനം ചെയ്ത യുഎഇ സർക്കാരിനു മലയാളികളുടെ അഭിനന്ദന പ്രവാഹം. യുഎഇ സർക്കാരിന്റെ സമൂഹ മാധ്യമ പേജുകളിലാണു മലയാളികൾ കൂട്ടമായി എത്തി നന്ദി അറിയിക്കുന്നത്. രാഷ്ട്രീയ നേതാക്കളും പേജിലെത്തി നന്ദി അറിയിക്കുന്നുണ്ട്.

ഡി‌‌വൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് കേരളത്തിന്റെ നന്ദി പേജിൽ അറിയിച്ചു. യുഎഇയിലെ ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്ന കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം ഈ സഹായം കേരളത്തിലുള്ളവർ എക്കാലവും ഓർക്കുമെന്നും കുറിച്ചു. കേരളത്തിൽ പുനർനിർമിക്കുന്ന ഒരു റോഡിനെങ്കിലും യുഎഇ ഭരണാധികാരിയുടെ പേര് നൽകണമെന്നാണ് പേജിലെ ശ്രദ്ധേയമായ കമന്റ്.

യുഎഇയിൽനിന്ന് 700 കോടിരൂപയുടെ സഹായം നൽകുന്ന കാര്യം അബുദാബി ക്രൗൺ പ്രിൻസും യുഎഇ ഡെപ്യൂട്ടി  സുപ്രീം കമാന്‍ണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാനാണ് പ്രധാനമന്ത്രിയെ അറിയിച്ചത്.  ഇക്കാര്യത്തിൽ അദ്ദേഹത്തോടും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിൻ സയദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവർക്കും കേരള സർക്കാർ നന്ദി അറിയിച്ചിരുന്നു. ബക്രീദ് ആശംസകൾ നേരാൻ കീരീടാവകാശിയെ സന്ദർശിച്ച പ്രവാസി വ്യവസായി എം.എ.യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യുഎഇ സർക്കാർ അറിയിച്ചത്.