Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെനസ്വേല പ്രതിസന്ധി, ബ്രസീലിലേക്ക് അഭയാർഥി പ്രവാഹം

venezuela-brazil ബ്രസീൽ ഇമിഗ്രേഷൻ പോയിന്റിൽനിന്നു പുറത്തുവരുന്ന വെനസ്വേലക്കാർ.

ബ്രസീലിയ∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വെനസ്വേലയിൽനിന്നു ബ്രസീലിലേക്കുള്ള അഭയാർഥി പ്രവാഹത്തിൽ വൻ വർധന. തിങ്കളാഴ്ച മാത്രം ഏതാണ്ടു 900 വെനസ്വേലക്കാരാണ് അതിർത്തി കടന്നെത്തിയതെന്നു ബ്രസീൽ പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു. ഇതു ചെറിയ തോതിലുള്ള സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്. ഏതാനും അഭയാർഥി ക്യാംപുകൾക്കു നേരെ ശനിയാഴ്ച വെടിവയ്പ്പുണ്ടായി. ഒരു പ്രാദേശിക ഹോട്ടൽ ഉടമയെ അഭയാര്‍ഥികൾ കൂട്ടം ചേർന്നു മർദിച്ചതായുള്ള വാർത്തകളെ തുടർന്നായിരുന്നു ആക്രമണം.

സംഘർഷത്തെ തുടർന്ന് അതിർത്തിയിൽ കൂടുതൽ പട്ടാളത്തെ നിയോഗിച്ചിട്ടുണ്ട്. സംഘർഷാവസ്ഥയിൽ അയവു വന്നിട്ടുണ്ടെന്നും പട്ടാളത്തിന്‍റെ സാന്നിധ്യം സമാധാനം പുനസ്ഥാപിക്കാൻ സഹായകരമായിട്ടുണ്ടെന്നും സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി തൽക്കാലത്തേക്ക് അടച്ചിടണമെന്ന ആവശ്യം പ്രാദേശിക ഭരണകൂടങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള സാധ്യത സുരക്ഷാ മന്ത്രാലയം തള്ളി. അതിർത്തി അടയ്ക്കുന്നതു ചിന്തിക്കാനാവില്ലെന്നും ഇതു നിയമവിരുദ്ധവുമാണെന്നാണു മന്ത്രാലയത്തിന്‍റെ നിലപാട്.

ബ്രസീലിനു പുറമെ കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിലേക്കും വെനസ്വേലക്കാർ പലായനം ചെയ്യുന്നുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ വെനസ്വേല സർക്കാർ കൊണ്ടുവന്ന പെട്രോ എന്ന പുതിയ കറൻസി ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിന് ഇത് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.