Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ സഹായം സ്വീകരിക്കാനാകാതെ കേരളം; മോദി പിന്തുടരുന്നത് മൻമോഹനെ

Narendra-Modi-and-Manmohan-Singh നരേന്ദ്ര മോദിയും മൻമോഹൻ സിങ്ങും. (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങൾ കേന്ദ്രം തടയുന്നത് വിവാദമാകുന്നതിനിടെ പുതിയ വിശദീകരണം. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയം. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്. അന്നു സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.

Read more at: ഇന്ത്യയ്ക്ക് ശേഷിയുണ്ട്, വിദേശസഹായം വേണ്ട: യുഎഇയോട് കേന്ദ്രം

പ്രശ്‌നം ഇന്ത്യയ്ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോൾ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.

വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം. അതിനു മുൻപ് പല പ്രകൃതിദുരന്തങ്ങളും അതിജീവിക്കാന്‍ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുമുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.