Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു കയറണം, ഒരു സെൽഫി വേണം; ഹെലികോപ്റ്റർ ‘വിളിച്ചുവരുത്തി’ ചിലർ ചെയ്തത്

Joby-Joy വ്യോമസേനാ ഹെലികോപ്റ്ററിനുള്ളിൽ ജോബി ജോയ്

തിരുവനന്തപുരം ∙ ഹെലികോപ്റ്ററിൽ ഒന്നു കയറണമെന്ന യുവാവിന്റെ മോഹം നഷ്ടപ്പെടുത്തിയത് വ്യോമസേനയുടെ വിലപ്പെട്ട മണിക്കൂറുകൾ!. ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനാ ഹെലികോപ്റ്ററിനു നേരെയാണ് ജോബി ജോയ് എന്ന യുവാവ് രക്ഷയ്ക്കായി കൈവീശിക്കാട്ടിയത്. ഉടൻ ഹെലികോപ്റ്റർ താഴ്ത്തി ജോബിയെ എടുത്തുയർത്തി. 

കോപ്റ്ററിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ എവിടേക്കാണു കൊണ്ടുപോകുന്നതെന്നായി ജോബിയുടെ ചോദ്യം. തിരുവനന്തപുരത്തേക്കാണെന്ന് അറിയിച്ചപ്പോൾ, രക്ഷപ്പെടുകയായിരുന്നില്ല ലക്ഷ്യമെന്നും ഹെലികോപ്റ്ററിൽ കയറണമെന്ന ആഗ്രഹം കൊണ്ടാണ് കൈവീശിയതെന്നും യുവാവ് പറഞ്ഞു. 

ദുരിതത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാനുള്ള അവസരം ഇത്തരം ചിലർ നഷ്ടപ്പെടുത്തുന്നതായി വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രായം ചെന്നവർ പോലും ആരോഗ്യത്തെ അവഗണിച്ച് ഹെലികോപ്റ്ററിലേക്ക് എടുത്തുയർത്തുന്നതിനോടു സഹകരിച്ചു. എന്നാൽ ചിലരെങ്കിലും രക്ഷാപ്രവർത്തനത്തെ തമാശയായാണു കണ്ടത്. ചുവന്ന ഷർട്ട് വീശിക്കാണിച്ചപ്പോൾ താഴേക്കു വന്ന ഹെലികോപ്റ്ററിനൊപ്പം സെൽഫിയെടുത്ത ശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞ സംഭവവും ഉണ്ടായെന്ന് വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

അതേസമയം വ്യോമസേന  ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലികോപ്റ്ററിൽ കയറിയതെന്ന് ജോബി ജോയ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. 14ന് രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാനും സുഹൃത്തുക്കളും. ഞായറാഴ്ച വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഞങ്ങൾ നടന്നു പോകുമ്പോൾ ഒരു ഹെലികോപ്റ്റർ താഴ്ന്നു വന്നു. അതിൽ നിന്ന് ഒരാൾ താഴേക്കിറങ്ങി. കൂടെ വരുന്നുണ്ടോ എന്നു ചോദിച്ചു.

മറ്റുള്ളവരെ രക്ഷിക്കാൻ ഒപ്പം വരുന്നോ എന്നു ചോദിക്കുന്നതായാണു തോന്നിയത്. അങ്ങനെ ഹെലികോപ്റ്ററിൽ കയറി. തിരുവനന്തപുരത്തേക്കു പോകുന്നുവെന്നു പറഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കുകയായിരുന്നു എന്നു മനസിലായത്. അതിനു ശേഷം എന്റെ പേരിൽ ഒട്ടേറെ വ്യാജ പ്രചാരണങ്ങൾ നടക്കുകയാണെന്നും ജോബി ജോയ് പറഞ്ഞു.

related stories