Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാൾപ്പൊക്കമുള്ള തിരമാലയിലും നെഞ്ചുറപ്പോടെ; കേരളത്തിന്റെ കടൽപോരാളികൾ

Super-Fisherman-new

കൊഞ്ചും കണവയും പോലെ വിലപിടിപ്പുള്ള മീനുകൾ ഇഷ്ടംപോലെ ലഭിക്കുന്ന കാലമാണിപ്പോൾ. പക്ഷേ, ഒരു ജനതയുടെ തലയ്ക്കുമീതെ മഹാപ്രളയം ഒഴുകിനിറഞ്ഞപ്പോൾ ഇവർ പങ്കായമെറിഞ്ഞത് കടലിലേക്കല്ല, കരയിലേക്കാണ്. പുഴയേത്, കരയേത് എന്നു തിരിച്ചറിയാത്തവിധം മുങ്ങിയ കേരളത്തിന്റെ ഉൾനാട്ടിലേക്ക് ഇവർ കുതിച്ചെത്തി. വള്ളങ്ങളും ബോട്ടുകളും നാട്ടിടവഴികൾക്കു മുകളിൽ, ഒട്ടും പരിചയമില്ലാഞ്ഞിട്ടും കുതിച്ചുപാഞ്ഞു. കടലിലെ ഉപ്പെന്ന പോലെ, ഹൃദയം നിറയെ കാരുണ്യവും സ്നേഹവും നിറച്ചവർ. നിരാലംബരായ പതിനായിരങ്ങളെ ജീവിതത്തിന്റെ കരയിലേക്ക് അവർ കൈപിടിച്ചു. മുങ്ങിപ്പോകുന്ന കപ്പലുകണക്കെ ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെ പോലെ രക്ഷകരായി, നമ്മുടെ മൽസ്യത്തൊഴിലാളികൾ. കടലിന്റെ മക്കൾ എന്നോമനപ്പേരുള്ള നമ്മുടെ സ്വന്തം സേനാവ്യൂഹം.

കൺട്രോൾ റൂമിലേക്ക് ഓരോ നിമിഷവും പ്രവഹിച്ചു കൊണ്ടിരുന്നതു നൂറു കണക്കിന് ഫോൺ കോളുകൾ. സര്‍ക്കാർ നൽകിയ നമ്പറുകളിലേക്ക് സഹായ അഭ്യർഥനയുമായി ആയിരക്കണക്കിനു മെസേജുകൾ. സമയം വൈകുന്നു. പകൽ പോലും ദുഷ്കരമായ രക്ഷാപ്രവർത്തനത്തിൽ രാത്രി എന്തു ചെയ്യുമെന്നറിയാതെ നേവിയും സൈന്യവും പകച്ചു. അവർക്കരികിലൂടെയാണു നെഞ്ചുറപ്പിന്റെ പങ്കായമൂന്നി ആ സംഘം ഇരുട്ടിലേക്കിറങ്ങിയത്. കേരളത്തിന്റെ സ്വന്തം ‘സൂപ്പർമാൻ’ എന്നു സമൂഹമാധ്യമങ്ങൾ അവരെ ആഘോഷിച്ചു. ലൈഫ് ജാക്കറ്റു പോലുമില്ലാതെ, വള്ളത്തിലെ വിളക്കു തെളിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങിയ മത്സ്യത്തൊഴിലാളി സംഘങ്ങൾ.

Kerala Floods-Fisherman പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ (ഫയൽ ചിത്രം)

കറന്റും സ്മാർട് ഫോണുകളുമുൾപ്പെടെ കണ്ണടച്ചപ്പോൾ കടലിൽ സഹായത്തിനുള്ള ജിപിഎസും ഏറെ നേരം ചാര്‍ജ് നിൽക്കുന്ന ‘സാധാരണ’ മൊബൈലുകളുമായാണ് മത്സ്യത്തൊഴിലാളികൾ ഇറങ്ങിയത്. ഒപ്പം പോകാൻ സാധിക്കാതിരുന്നവർ തങ്ങളുടെ വാട്സാപ്പുകളിലേക്കു വന്ന സന്ദേശങ്ങൾ ശേഖരിച്ച് സഹപ്രവർത്തകരുമായി പങ്കുവച്ചു. അങ്ങനെ കുടുങ്ങിക്കിടക്കുന്നയിടങ്ങളിൽ നിന്നു പരമാവധി പേരെയും രക്ഷാതീരത്തെത്തിച്ചു മടങ്ങുമ്പോൾ കേരളം ചോദിച്ചു– ഇതെല്ലാം എങ്ങനെ സാധിക്കുന്നു?

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റർ അതിന് ഒറ്റ വാചകത്തിൽ ഉത്തരം പറയും: ‘ഏറ്റവും ശക്തമായ കാറ്റിനോടും കോളിനോടും തിരമാലകളോടും മല്ലിട്ടു ജീവിക്കുന്നവരാണ്, വെയിലത്തൊന്നും വാടില്ല ഞങ്ങൾ...’ രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ഒരാൾക്കു പോലും പേടി തോന്നിയില്ല. അത്രയേറെയുണ്ട് എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം. തീരുമാനമെടുത്താൽ മുന്നോട്ടു പോകണമെന്നു തന്നെയാണ് കടൽ പഠിപ്പിച്ചിരിക്കുന്ന പാഠവും. ആലപ്പുഴയിലും എറണാകുളത്തും പത്തനംതിട്ടയിലുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയ എല്ലാ മത്സ്യത്തൊഴിലാളികളും ഒരേരീതിയിലാണു പ്രവർത്തിച്ചത്. ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഈ സംഘശക്തിയും കടലിന്റെ സമ്മാനം.

ചൂരയല്ല ഈ നേരത്ത് പ്രധാനം!

‘വയറു വരിഞ്ഞു കെട്ടിയാണെങ്കിലും മറ്റുള്ളവനു നൽകും. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന മനസ്സുമാണ് മത്സ്യത്തൊഴിലാളിയുടേത്’– പീറ്റർ പറയുന്നു. കൊഞ്ചും കണവയും കൊഴിയാളയും ചൂരയും പോലുള്ള വിലയേറിയ മീനുകൾ വന്‍തോതിൽ ലഭിക്കുന്ന കാലമാണിപ്പോൾ. എന്നാൽ സഹജീവികൾക്ക് ആപത്തു വരുമ്പോൾ അവരെ രക്ഷിക്കുകയെന്നതാണു മുഖ്യം. അതു മത്സ്യത്തൊഴിലാളികളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാൽത്തന്നെയാണ് കൂട്ടത്തിലൊരാൾ കടലിൽനിന്നു മടങ്ങിയെത്തിയില്ലെങ്കിലും അവരെ തേടി സകലരും കടലിലേക്കിറങ്ങുന്നത്.

Kerala Floods Fishermen പ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം.

ഓഖി ചുഴലിക്കാറ്റിന്റെ കാലത്തും കടലിൽപ്പോയവരെ തിരികെ കൊണ്ടു വരാനാകാതെ സർക്കാർ സംവിധാനങ്ങൾ ഉഴറിയപ്പോൾ സകല വിലക്കിനെയും മറികടന്നു കടൽച്ചുഴിയിലേക്കു തുഴയെറിഞ്ഞത് ഇതേ മത്സ്യത്തൊഴിലാളികളാണ്. പണ്ടു കുളച്ചൽ യുദ്ധത്തിൽപ്പോലും മത്സ്യത്തൊഴിലാളികളുടെ കരുത്ത് കണ്ടതാണ്. യുദ്ധസന്നാഹത്തിനു പോകുമ്പോൾ തിരിഞ്ഞു നോക്കാറില്ല എന്നതാണു മത്സ്യത്തൊഴിലാളിയുടെ രീതിയെന്നും പീറ്റർ പറയുന്നു.

കടൽപ്പാഠങ്ങൾ

മൂന്നാഴ്ച വരെ കടലിൽ പോകുന്ന വള്ളങ്ങളുണ്ട്. ‘തങ്ങൽ’ വള്ളത്തിലേറിയാണു യാത്ര. പേരുപോലെത്തന്നെ കടലിൽ ‘തങ്ങാൻ’ വേണ്ടിയുള്ള വള്ളം. സകല സംവിധാനങ്ങളുമുണ്ടാകും. ഭക്ഷണത്തിനുള്ള വസ്തുക്കളും വെള്ളവും റെഡി. മത്സ്യത്തൊഴിലാളികൾക്കു പ്രിയം കപ്പയും മീനും കഞ്ഞിയും പുട്ടുമൊക്കെയാണ്. കടലിൽനിന്നു പിടിക്കുന്ന ആദ്യത്തെ മീനും എടുക്കും. ‘മത്സ്യം കൈമറിഞ്ഞെത്തുമ്പോഴാണ് ലാഭത്തിനു വേണ്ടി ഇടനിലക്കാർ അമോണിയയും ഫോർമലിനുമൊക്കെയിടുന്നത്. പക്ഷേ ഞങ്ങൾക്ക് ‘ഫ്രഷ്’ മീനാണു ലഭിക്കുന്നത്. അതിൽ നിന്നു ലഭിക്കുന്ന കാലറിയും ഊർജവുമാണ് ഓരോ മത്സ്യത്തൊഴിലാളിയുടെയും കരുത്ത്. അധ്വാനിക്കുന്നതിനനുസരിച്ച് കൂടുതൽ ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെ രീതി’– പീറ്ററിന്റെ വാക്കുകൾ.

ഒറ്റയടിക്ക് 25 കിലോമീറ്റർ വരെ തുഴഞ്ഞു പോകുന്ന വള്ളങ്ങളുണ്ട്. ഇപ്പോൾ മോട്ടോർ വള്ളങ്ങളാണ് ഏറെയും. പക്ഷേ അധ്വാനത്തിനു കുറവൊന്നുമില്ല. അഞ്ചാൾപ്പൊക്കത്തിൽ തിരമാല വിഴുങ്ങാനെത്തുമ്പോഴും നെഞ്ചുറപ്പോടെ പ്രതിരോധിക്കും. പേടിയെപ്പറ്റിയൊന്നും ആ നേരം ചിന്തിക്കാൻ പോലുമാകില്ല. നടുക്കടലിൽ നിലനിൽപ്പിനു വേണ്ടി നടത്തുന്ന ആ പോരാട്ടം സമ്മാനിക്കുന്ന മനഃശ്ശക്തിയും അപാരമാണ്. അതിനാൽ ഒരുവിധത്തിൽപ്പെട്ട രോഗങ്ങളോടെല്ലാം ‘ചുമ്മാ ഒന്നു വന്നുപോകട്ടെ’ എന്നാണു ചിന്ത. ഭൂരിപക്ഷം പേരും അനാവശ്യമായി മരുന്ന് കഴിക്കില്ല. മുറിവു പറ്റിയാല്‍ പോലും ഉപ്പുവെള്ളം എല്ലാം ഉണക്കുമെന്നു വിശ്വസിക്കുന്നവരും ഏറെ. ഇങ്ങനെ സാഹചര്യങ്ങളോടു പടവെട്ടി നേടിയ രോഗപ്രതിരോധ ശേഷിയും നമ്മുടെ സേനയ്ക്ക് സ്വന്തം.

ഫാസ്റ്റ് ഫുഡിനോടുമില്ല ഒട്ടും താൽപര്യം. പരമ്പരാഗതമായുള്ള കപ്പ–മീൻ പ്രേമം ഇന്നും തുടരുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാണ് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവർത്തനം കഴിഞ്ഞു തിരികെയെത്തിയിട്ടും മത്സ്യത്തൊഴിലാളികൾക്കു ഒരു പോറലു പോലും ഏൽക്കാതിരുന്നതും. തിരികെ വീട്ടിലെത്തിയതിനു പിന്നാലെ അവർ കടലിലേക്കുമിറങ്ങി. അതിനിടയിൽ സർക്കാർ നൽകിയ 3000 രൂപ സ്നേഹപൂർവം നിരസിക്കുകയും ചെയ്തു.

ലോകത്തിനുള്ള മാതൃക

‘ഞങ്ങളുടെ പ്രവൃത്തി ലോകത്തിനു മുന്നിലേക്കു വച്ച മാതൃകയാണ്. പണം വാങ്ങി അതിന്റെ ശോഭ കെടുത്താനില്ല. മനുഷ്യന് പുനർവിചിന്തനത്തിനുള്ള സമയമാണിത്. പ്രകൃതിയെ സംബന്ധിച്ച പല കാര്യങ്ങളിലുമുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട്. അതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പ്രളയം’– പീറ്റർ പറയുന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കാനും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സൂനാമി ഫണ്ടെന്നു പറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ പേരിൽ പല സന്നദ്ധ സംഘടനകളും വ്യക്തികളും പണ്ടു പണം കൊയ്തിട്ടുണ്ട്.

Peter Thomas സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റർ

ഇത്തവണയും മത്സ്യത്തൊഴിലാളികളുടെ പേരിൽ ചില സംഘടനകൾ പിരിക്കാനിറങ്ങി. പലരും സഹായം വേണോയെന്നു ചോദിച്ചു വരികയും ചെയ്തു. അതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാനാണു നിർദേശിച്ചത്. പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പോയവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയണം. ഉത്തരവാദിത്തപ്പെട്ട ഏജൻസികളിലൂടെ മാത്രമാകണം ദുരിതാശ്വാസം സ്വീകരിക്കേണ്ടത്. മത്സ്യത്തൊഴിലാളികളുടെ പേരിൽ ആരും പണം പിരിക്കേണ്ട– പീറ്റർ വ്യക്തമാക്കി.

related stories