Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ ആരോപണങ്ങളിൽ വക്കീൽ നോട്ടിസ്; ഭയപ്പെടുത്തേണ്ടെന്ന് കോൺഗ്രസ്

anil-ambani-rahul-gandhi അനിൽ അംബാനി, രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെച്ചൊല്ലിയുള്ള ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമ നടപടിയുമായി അനിൽ അംബാനി. തനിക്കും സ്ഥാപനത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്നാവശ്യപ്പെട്ട് അംബാനി നോട്ടിസ് അയച്ചു. എന്നാൽ കോർപ്പറേറ്റ് ലോകവും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് ഇതെന്ന് കോൺഗ്രസും മറുപടി നൽകി.

പാർട്ടി നേതാക്കൾ, വക്താക്കൾ എന്നിവർക്കെതിരെ അയച്ച നോട്ടിസുകൾ കൊണ്ടു ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കോൺഗ്രസ് തിരിച്ചടിച്ചു. റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനെതിരായ പ്രചാരണങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതിനിടെയാണ് റിലയൻസിന്റെ നടപടി. കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റിലയൻസ് നേരത്തേ നിലപാടെടുത്തിരുന്നു. സ്ഥാപിത താൽപര്യങ്ങളുടെ ഭാഗമായാണു തനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങൾ ഉയരുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് അനിൽ അംബാനി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു.

റഫാൽ ഇടപാടിനെച്ചൊല്ലി ആരോപണങ്ങൾ ഉന്നയിക്കുന്നതു നിർ‌ത്തണമെന്നാവശ്യപ്പെട്ട് തനിക്കു നോട്ടിസ് ലഭിച്ചതായി ചണ്ഡീഗഡില്‍ നിന്നുള്ള കോൺഗ്രസ് എംപി സുനില്‍ ജാക്കർ വ്യക്തമാക്കി. ജനാധിപത്യത്തിലെ കറുത്ത ദിനമാണിത്. ഒരു വ്യവസായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് വക്കീൽ നോട്ടിസയക്കുന്നതു പ്രധാനപ്പെട്ട പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. രണ്‍ദീപ് സിങ് സുർജേവാല, അശോക് ചവാൻ, അഭിഷേക് മനു സിങ്‍വി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കൾക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്. അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പ്രസ്താവനകൾ ഇവർ നടത്തിയെന്നാരോപിച്ചാണ് നടപടി. 

അതേസമയം റഫാൽ വിഷയമുയർത്തി സംസ്ഥാന, ജില്ലാ തലങ്ങളിലേക്കും പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ് കോൺഗ്രസ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ റഫാല്‍ യുദ്ധവിമാന ഇടപാടിൽ പങ്കാളിയായ റിലയന്‍സ് ഡിഫൻസ് കമ്പനിക്കു കരാർ വഴി ലഭിക്കുക 1.3 കോടി രൂപയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. യുപിഎ സർക്കാരിന്റെ കാലത്ത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായുണ്ടാക്കിയ കരാർ മോദി സർക്കാർ റദ്ദാക്കിയ ശേഷമാണ് ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത കമ്പനിക്കു പ്രതിരോധകരാർ നൽകിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.