Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജി 2020 ൽ നടപ്പാക്കും, അധിക സ്പെക്ട്രത്തിന് ശുപാർശ

5g

ന്യൂഡൽഹി ∙ 5ജി ക്ക് കരുത്തു പകരാൻ അധിക സ്പെക്ട്രം (റേഡിയോ തരംഗങ്ങൾ) ലഭ്യമാക്കണമെന്ന് ശുപാർശ. രാജ്യത്ത് 5ജി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ രൂപം നൽകിയ ദൗത്യസംഘമാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. ഇതിന്റെ ആദ്യ വിഹിതം ഈ വർഷം തന്നെ വകയിരുത്താമെന്നും സർക്കാരിനു സമർപ്പിച്ച 5ജി സംബന്ധിച്ച പൂർണ പദ്ധതി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

5ജി നടപ്പാക്കുന്നതിനായി സ്പെക്ട്രം സംബന്ധിച്ച നയം, നിയന്ത്രണ നടപടികൾ, മറ്റു മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകൾ സംബന്ധിച്ചു വിപുലമായ നിർദേശങ്ങളാണ് സർക്കാരിനു ദൗത്യസംഘം സമർപ്പിച്ചത്. 5ജി നടപ്പിലാക്കുന്നതിലൂടെ ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങൾ ഉണ്ടാകുമെന്നാണ് അനുമാനം. 2020 ഓടെ ഇന്ത്യയിൽ 5ജി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാധ്യതകളുടെ വലിയ ലോകമാണ് 5ജി തുറക്കുക. ഇത് വലിയതോതിൽ സാമൂഹികമാറ്റത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന് ദൗത്യസംഘം അധ്യക്ഷൻ പ്രഫ. പോൾരാജ് പറഞ്ഞു. 

5ജി നടപ്പിലാക്കാനുളള വീക്ഷണ രേഖ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനൊപ്പം സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പുരോഗതിക്കും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തു 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനു മുന്നോടിയായി റേഡിയോ തരംഗങ്ങൾ (സ്പെക്ട്രം) സംബന്ധിച്ച ശുപാർശ ടെലികോം മന്ത്രാലയത്തിനു ദൗത്യസംഘം നേരത്തെ സമർപ്പിച്ചിരുന്നു. 600 മെഗാഹെട്സ് മുതൽ 37 ജിഗാഹെട്സ് വരെയുള്ള 11 സ്പെക്ട്രം ബാൻഡുകളാണു 5ജി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. 

ദൗത്യസംഘത്തിന്റെ ശുപാർശ കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകരിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം വിതരണത്തിനുള്ള സാധ്യതയാണു തെളിയുക. ഏകദേശം 6000 മെഗാഹെട്സ് സ്പെക്ട്രമാണു  5ജി പദ്ധതിക്കായി ശുപാർശ ചെയ്തിരിക്കുന്നത്. 2016 ൽ 2354.55 മെഗാഹെട്സ് സ്പെക്ട്രം 5.63 ലക്ഷം കോടി രൂപയ്ക്കാണു വിൽപന നടത്തിയത്. 5ജി യ്ക്കു വേണ്ടി കണ്ടെത്തിയ സ്പെക്ട്രത്തിൽ നാലു ബാൻഡുകൾ ഉടൻതന്നെ പുറത്തുവിടുമെന്നാണു സൂചന. ഇതു കമ്പനികൾ പരീക്ഷണ–ഗവേഷണങ്ങൾക്കായിട്ടാകും പ്രയോജനപ്പെടുത്തുക. 

മൊബൈൽ സർവീസ് എന്നതിനേക്കാൾ വിവിധ മേഖലകൾക്കു പ്രയോജനം ലഭിക്കുന്ന വിധത്തിൽ 5ജി നടപ്പാക്കുകയാണു ലക്ഷ്യം. കൃഷി, ആരോഗ്യം, ഗതാഗതം, ഊർജം, ഖനനം, ബാങ്കിങ് തുടങ്ങിയ മേഖലകൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിങ് രംഗത്തു 5ജി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ഹൈദരാബാദിൽ ലാബ് ആരംഭിക്കും. റെയിൽവേ രംഗത്തും ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ വൈകാതെ ആരംഭിക്കും.

എന്താണ് 5ജി?

പുതുതലമുറ മൊബൈൽ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതൽ സ്മാർട്ടായ ലോകമാണ് സമ്മാനിക്കുക. കൂടുതൽ ബാൻഡ്‌വിഡ്ത്തിനൊപ്പം സ്മാർട്ട് ഉപകരണങ്ങളുടെ വ്യാപനത്തിനും ഇത് സഹായകമാകും. നാലു വരെയുള്ള(4ജി) മൊബൈൽ സാങ്കേതിക തലമുറകൾ കൂടുതലും ഹാർഡ്‌വെയർ അധിഷ്ഠിതമായിരുന്നെങ്കിൽ 5ജി സോഫ്റ്റ്‌വെയർ നിയന്ത്രിതമാണ്. ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ സോഫ്റ്റ്‌വെയർ പരിഷ്കരണത്തിലൂടെ പുനർനിർണയിക്കാനാകുന്ന രീതിയാകും ഇതുണ്ടാക്കുക. 100 മെഗാബൈറ്റ് മുതൽ ഒരു ജിബി വരെയാണ് 4ജിയിൽ ഡാറ്റ വേഗമെങ്കിൽ 5ജിയിൽ അത് സെക്കൻഡിൽ ഒന്നു മുതൽ 10 ജിഗാബൈറ്റ് വരെയാകും. ഫ്രീക്കൻസി അധിഷ്ഠിത ശൃംഖലയായിരുന്നു 4ജി വരെയുള്ള തലമുറകളെങ്കിൽ സ്പെക്ട്രം അധിഷ്ഠിത സംവിധാനമാണ് 5ജി. സ്പെക്ട്രം താങ്ങാനാകുന്ന വിലയിൽ ലഭ്യമാവുക, ഫൈബർ ഓപ്റ്റിക് സംവിധാനങ്ങളും ടവറുകളും ഉൾപ്പെടെ 5 ജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനുള്ള തടസങ്ങൾ ഒഴിവാകുക തുടങ്ങിയവയാണ് ഈ രംഗം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളെന്ന് വിദഗ്ധർ പറയുന്നു.