Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസത്തിനായി ബക്കറ്റ് പിരിവ്: തട്ടിപ്പു സംഘം കണ്ണൂരിൽ പിടിയിൽ

kannur-fraud-arrest പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലുള്ള വ്യാജ പിരിവിനിടെ കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായ കെ.പി.ഋഷഭ്,വി.എൻ.മുഹമ്മദ് ഇർഫാൻ,പി.എൻ.സഫ്‌വാൻ. ചിത്രം: വിധുരാജ് എം.ടി.

കണ്ണൂർ ∙ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവിനിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിലായി. ചക്കരക്കൽ പെരളശ്ശേരി സ്വദേശി റിഷഭ്(27), അലവിൽ സ്വദേശി സഫാൻ(26), കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി ഇർഫാൻ(23) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. 

ഇവരുടെ കൈവശമുണ്ടായിരുന്ന ബക്കറ്റിൽ നിന്ന് 3540 രൂപയും പിടിച്ചെടുത്തു. നേരത്തേ മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ടവരാണ് ഇവരെന്നു പൊലീസ് വ്യക്തമാക്കി. കണ്ണൂർ നഗരത്തിൽ നടത്തുന്ന ഉപഭോക്തൃ മേളയിൽ ധാരാളം പേർ വരുന്ന അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്. ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ ബക്കറ്റുമായി ഇവർ പിരിവിനിറങ്ങുകയായിരുന്നു. 

വ്യാജ പിരിവുകാർ സജീവമായി രംഗത്തുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രത്തിനു ലഭിച്ച രഹസ്യാന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ടൗൺ എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി. പൊലീസിനെ കണ്ട് ഓടിയ ഇവരെ പിന്തുടർന്നു ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പ് പുറത്തായത്.

related stories