Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് മാർ അത്തനാസിയോസ് - ദൈവസ്‌നേഹത്തിന്റെ വിദ്യാമൃതം

thomas-mar-athanasios-metropolitan-1 ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ്

അടുത്തറിയുന്നവർക്കു ദീർഘവീക്ഷണത്തിന്റെ ആൾരൂപമായിരുന്നു തോമസ് മാർ അത്തനാസിയോസ്. അദ്ദേഹം സ്‌ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവ്. വിവിധ സംസ്‌ഥാനങ്ങളിലുള്ള സഭാമക്കൾക്കു മാത്രമല്ല, സമുദായം ഏതെന്നു നോക്കാതെ എല്ലാ മനുഷ്യർക്കുമായി സ്‌നേഹം സമൃദ്ധമായി പങ്കുവച്ചു നൽകിയ വ്യക്‌തിത്വം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാത്ത വിപുലവും ഊഷ്‌മളവുമായ സുഹൃദ്‌ബന്ധവും ഇതിനു തെളിവായിരുന്നു.

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതു ക്ലാസ് മുറികളിലാണെന്ന കോത്താരി കമ്മിഷന്റെ റിപ്പോർട്ടിലെ ഒരു വാചകമാണു വിദ്യാഭ്യാസ രംഗത്തു കൂടുതൽ ശ്രദ്ധിക്കാൻ മാർ അത്തനാസിയോസിനു പ്രേരണയായത്. 1966ൽ യുജിസി സ്‌കോളർഷിപ്പോടെ ബറോഡ എംഎസ് സർവകലാശാലയിൽ എംഎഡിനു പഠിക്കാനുള്ള അവസരം ലഭിച്ചതു ദൈവഹിതമായി സ്വീകരിച്ചു. സാഹചര്യം അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ ആവശ്യമെന്നു കണ്ടിടത്തെല്ലാം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സ്‌ഥാപിക്കാനും അവ വളർന്നു പടർന്നു പന്തലിക്കുന്നതു വരെ വിശ്വസ്‌തനായ കാവൽക്കാരനായി നിൽക്കാനും അദ്ദേഹം മറന്നില്ല.

ഓർത്തഡോക്‌സ് സഭയുടെ വളർച്ചയിൽ നിർണായക സേവനങ്ങളാണു മാർ അത്തനാസിയോസിന്റേത്. ഗുജറാത്തിൽ നാമമാത്രമായ ഇടവകകളുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവിടേക്കു ചെല്ലുന്നത്. അധ്യാപക ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം ഉപയോഗിച്ചു ലളിതജീവിതം നയിച്ചു നടത്തിയ ആത്മീയ ശുശ്രൂഷയുടെ ഫലമായി ഇടവകകളുടെയും ദേവാലയങ്ങളുടെയും എണ്ണത്താൽ സമ്പന്നമാണിന്നു ഗുജറാത്തും സമീപ സംസ്‌ഥാനങ്ങളും. നാലു ദേവാലയങ്ങൾ മാത്രമുണ്ടായിരുന്നിടത്തു ഭദ്രാസനം രൂപം കൊണ്ടു.

ആത്മീയ ശുശ്രൂഷയുടെ തിരക്കിനിടയിലും സമകാലിക വിഷയങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണു തോമസ് മാർ അത്തനാസിയോസിന്റെ ശൈലി. ഡൽഹിയിൽ പെൺകുട്ടി പീഡനത്തിനിരയായപ്പോൾ അദ്ദേഹം ഒരു പ്രതിജ്‌ഞ തയാറാക്കി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേക്കും അയച്ചുകൊടുത്തു. അഭിമാനിയായ ഒരു ഭാരതീയൻ എന്ന നിലയിൽ എല്ലാ വനിതകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറും എന്നതായിരുന്നു ഉള്ളടക്കം. ദേവാലയങ്ങളിൽ കുർബാനയ്‌ക്കു ശേഷം എല്ലാ പുരുഷൻമാരും യുവജനങ്ങളും കൈനീട്ടിപ്പിടിച്ച് ഈ പ്രതിജ്‌ഞ ചൊല്ലണമെന്ന കൽപനയും കൂടെയുണ്ടായിരുന്നു.

ഗുജറാത്തിലെ ഭുജിൽ ഭൂകമ്പമുണ്ടായപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു ട്രക്ക് നിറയെ അരിയും എണ്ണയും ഗോതമ്പും മറ്റു ഭക്ഷണസാധനങ്ങളുമായി ആദ്യം രംഗത്തിറങ്ങിയവരിൽ ഒരാൾ തോമസ് മാർ അത്തനാസിയോസായിരുന്നു. മൃതദേഹങ്ങൾ വിറകു കിട്ടാതെ ടയറും മറ്റും ഉപയോഗിച്ചു കത്തിക്കുന്ന ദുഃസ്‌ഥിതിയാണ് എന്ന വാർത്തയറിഞ്ഞു ട്രക്കിൽ അദ്ദേഹം വിറകും കരുതിയിരുന്നു.

കാലംചെയ്‌ത പുത്തൻകാവ് കൊച്ചുതിരുമേനി എന്ന ഗീവർഗീസ് മാർ പീലക്‌സിനോസിന്റെ സഹോദരൻ ചെങ്ങന്നൂർ പുത്തൻകാവ് കിഴക്കേത്തലയ്‌ക്കൽ കെ. ടി. തോമസിന്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു ജനനം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനം രൂപീകൃതമായ 1985 മുതൽ മെത്രാപ്പൊലീത്തസ്‌ഥാനം അലങ്കരിച്ചുവന്ന മാർ അത്താനാസിയോസ് അധ്യാപകൻ, സ്‌കൂൾ കോർപറേറ്റ് മാനേജർ തുടങ്ങി വഹിച്ചിട്ടുള്ള സ്‌ഥാനങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ സന്ദർശിച്ചിട്ടുള്ള സ്‌ഥലങ്ങളും ഏറെയാണെങ്കിലും മനസ്സ് എപ്പോഴും സ്വന്തം മണ്ണിനോടു ചേർന്നുനിന്ന കർഷകന്റേതായിരുന്നു.

പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള താൽപര്യവും ആത്മീയത പോലെ പാവനമാണു മാർ അത്തനാസിയോസിന്റെ ഹൃദയത്തിൽ. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേൽ പത്രികയിൽ എഴുതുന്ന ലേഖനങ്ങളിലും ഇടയപത്രികയിലും ആത്മീയ വിഷയങ്ങൾക്കൊപ്പം പ്രകൃതി, പരിസ്‌ഥിതി സംരക്ഷണത്തിന്റെ നിർദേശങ്ങളും നൽകാൻ മെത്രാപ്പൊലീത്ത ശ്രദ്ധിച്ചു. കുട്ടികളെ ഏറെ സ്‌നേഹിച്ച തോമസ് മാർ അത്തനാസിയോസ് പത്താം ക്ലാസിലടക്കമുള്ള വിദ്യാർഥികളുടെ പേരുകളെഴുതി മദ്‌ബഹായിൽ സൂക്ഷിച്ചിരുന്നു. എല്ലാ കുർബാനയിലും വിദ്യാർഥികളെ ഓർത്തു പ്രാർഥിക്കാനായിരുന്നു ഇത്.

പിതൃസഹോദരനായ പുത്തൻകാവിൽ കൊച്ചുതിരുമേനിയുമായി ഹൃദയബന്ധമായിരുന്നു തോമസ് മാർ അത്തനാസിയോസിനുണ്ടായിരുന്നത്. വല്യച്ചൻ പുത്തൻകാവിൽ തോമാ കത്തനാരുടെ കൈപിടിച്ചു ചെറുപ്പത്തിൽ ദേവാലയത്തിൽ പോയിരുന്നതും അദ്ദേഹത്തിന്റെ ആത്മീയ ഉപദേശങ്ങൾ ചെലുത്തിയ സ്വാധീനവും വളരെ നിർണായകമായി.