Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനു കാരണം അധികമഴ, ഒരുമിച്ചു തുറന്ന ഡാമുകൾ...; ആരോപണ മുനയിൽ തമിഴ്നാടും

Idukki-Dam നിറഞ്ഞ നിലയിൽ ഇടുക്കി അണക്കെട്ട്.

കേരളം മുങ്ങിയ പ്രളയത്തിനു കാരണങ്ങൾ പലതാണ്:

1. ഇത്തവണ  41.44 ശതമാനം മഴ അധികമായി പെയ്തു. 

2.  പമ്പയിലെ 9 ഡാമുകൾ ഒരുമിച്ചു തുറന്നു. 

3.  എറണാകുളം–ഇടുക്കി ജില്ലകളിലെ 11 ഡാമുകൾ തുറന്നു

4. ചാലക്കുടി പുഴയിലെ ആറു ഡാമുകൾ തുറന്നു. 

5. ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചില്ല. ഒ‍ൻപതാംതിയതി  സെക്കന്റിൽ 50,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയ സ്ഥാനത്ത് പത്തിന് 7.5 ലക്ഷം ഘന ലിറ്റർ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വന്നു. (2013 ൽ  മഴ മുൻകൂട്ടി കണ്ട് ചെറിയ ഡാമുകൾ നേരത്തേ തുറക്കുകയും വൈദ്യുത ഉല്പാദനം വർധിപ്പിച്ച് ജലനിരപ്പ് താഴ്ത്തിവയ്ക്കുകയും ചെയ്തു. ഇത്തവണ അതു ചെയ്തില്ല.)

6. മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് തമിഴ്നാട് വെള്ളം തുറന്നുവിട്ടു. 

7. പെരിങ്ങൽകുത്ത് ജൂൺ 10നു തന്നെ പൂർണശേഷിയിലെത്തി. പക്ഷേ തുറന്നില്ല. മഴ കനത്തെങ്കിലും ജലനിരപ്പ് താഴ്ത്താൻ തയാറായില്ല. (ഡാമിനു ബലക്ഷയമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഷട്ടറുകൾ പ്രവർത്തിക്കുന്നില്ല.)

8. അപ്പർ ഷോളയാറിൽനിന്നു തമിഴ്നാട് കേരളത്തിലേക്കു വെള്ളമൊഴുക്കി. ഒടുവിൽ കര കവിഞ്ഞ് ചാലക്കുടിപ്പുഴ വഴിമാറിയൊഴുകി. 

9.  മലമ്പുഴ ഡാമിന്റെ ഷട്ടർ 30 സെന്റി മീറ്റർ മാത്രമാണു തുറന്നത്. ഓഗസ്റ്റ് 8ന്  180 സെ.മീ ആയി ഷട്ടർ ഉയർത്തി. കൽപ്പാത്തിപുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊഴുകി. 

10.  ബാണാസുര സാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ  മുന്നറിയിപ്പില്ലാതെ 230 സെ.മീ ആയി ഉയർത്തി. 

11. ആലപ്പുള തോട്ടപ്പിള്ളി സ്പിൽവേയിലെ പൊഴി സമയത്തിനു മുറിച്ചില്ല. 

12. കുട്ടനാട്ടിൽനിന്നും വെള്ളമൊഴുകി പോകേണ്ട മാർഗങ്ങളെല്ലാം അടഞ്ഞുകിടന്നു. തണ്ണീർമുക്കം ബണ്ടിലെ മണൽച്ചിറ മാറ്റാനായില്ല.

ഇടമലയാർ, പെരിങ്ങൽക്കുത്ത്; ഉത്തരവാദി തമിഴ്നാട്?

തിരുവനന്തപുരം∙ മുല്ലപ്പെരിയാറിൽ മാത്രമല്ല, കേരളത്തിലെ മറ്റു ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കിയതിലും തമിഴ്നാടിനു പങ്കെന്ന് ആരോപണം. 

പറമ്പിക്കുളം ഡാമിൽനിന്നു പെരിങ്ങൽക്കുത്തിലേക്കു തമിഴ്നാട് അളവിൽ കൂടുതൽ വെള്ളമൊഴുക്കിയതും ചാലക്കുടിയിലെ പ്രളയത്തിന്റെ കാരണമാണെന്നു വിലയിരുത്തലുണ്ട്. സെക്കൻഡിൽ 19,500 ഘനയടി വെള്ളം തുറന്നു വിടുമെന്നാണു തമിഴ്നാട് 16നു രാത്രി ഒന്നിന് അറിയിച്ചത്. എന്നാൽ രണ്ടു മണിയോടെ ഇരച്ചെത്തിയതു 40,000 ഘനയടി വെള്ളം. ഇതാണു ചാലക്കുടിപ്പുഴ കരകവിയാൻ കാരണമെന്നു വൈദ്യുതി വകുപ്പ് വിലയിരുത്തുന്നു. 

തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിൽ നിന്നുള്ള വെള്ളവും പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്കൊഴുകി. 

ഇടമലയാർ ഡാമിലേക്കു തമിഴ്നാടിന്റെ നീരാർ, വച്ചുമരം ഡാമുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി. ഈ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററാണ്. കഴിഞ്ഞ ഒൻപതിനു ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ഡാം തുറന്നു. അതിന്റെ ഫലമായി പെരിയാറിലെ ജലനിരപ്പ് ഉയർന്നു.

ഇടുക്കിയിൽ പ്രോട്ടോകോൾ പാലിച്ചു; പക്ഷേ, ഒഴുക്ക് മറികടന്നു 

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനോടനുബന്ധിച്ച് മൂന്നു ജാഗ്രതാ നിർദേശങ്ങളാണു കെഎസ്ഇബി നൽകുക. ജലനിരപ്പ് 2390 അടിയിലെത്തുമ്പോൾ ആദ്യത്തെ ജാഗ്രതാ നിർദേശമായ ഗ്രീൻ അലർട്ട് നൽകും. 2395 അടിയിലെത്തുമ്പോൾ, മൈക്കിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും ഓറഞ്ച് അലർട്ട് നൽകും. നിരപ്പ് 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും. അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. മൈക്കിലൂടെയും നേരിട്ടുമാണു മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകുക. ഇതിനു ശേഷം 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ ഉയർത്തും.  

ഇത്തവണ ഗ്രീൻ അലർട്ട് ജൂലൈ 25നു നൽകി. 31ന് വൈകിട്ട് ഒൻപതിന് ഓറഞ്ച് അലർട്ട് നൽകി. ഓഗസ്റ്റ് ഒൻപതിന് ജലനിരപ്പ് 2399.04 അടി എത്തിയതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി ജലം തുറന്നുവിട്ടു. നീരൊഴുക്കു വർധിച്ചതിനാൽ ഷട്ടർ അടയ്ക്കേണ്ടെന്നു തീരുമാനിച്ചു. ഒൻപതിനു വൈകിട്ടുതന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ച് 10 മുതൽ കൂടുതൽ ജലം ഒഴുക്കി. 

പത്തിനു രാവിലെ ഏഴു മുതൽ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ ഒരു ലക്ഷം ലീറ്ററാക്കി. 11.30നു രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി ഒഴുക്കുന്ന ജലത്തിന്റെ അളവ് മൂന്നു ലക്ഷം ലീറ്ററാക്കി. ഉച്ചയ്ക്ക് 1.30ന് ആറു ലക്ഷവും വൈകിട്ട് അഞ്ചിന് 7.5 ലക്ഷവുമാക്കി. 

13ന് രണ്ടു ഷട്ടറുകൾ താഴ്ത്തി. 14ന് ഉച്ചയോടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ മൂന്നു ലക്ഷം ലീറ്ററാക്കി കുറച്ചു. ഇതിനുശേഷമാണ് അതിശക്തമായ മഴയുണ്ടായത്. തുടർന്ന് വൈകിട്ട് അഞ്ചു ഷട്ടറുകളും ഉയർത്തി. ജലത്തിന്റെ അളവ് ആറു ലക്ഷം ലീറ്ററാക്കി. ഇത് പിന്നീടു വർധിപ്പിച്ച് 15 ലക്ഷം ലീറ്റർ വരെയാക്കി. 

മാട്ടുപ്പെട്ടിയിലും മുന്നറിയിപ്പ് 

ജില്ലയിലെ ചെറുകിട ഡാമുകൾ തുറക്കുന്നതിനു മുൻപു ജില്ലാ ഭരണകൂടം, തഹസിൽദാർ എന്നിവരെ വിവരം അറിയിക്കും. മാധ്യമങ്ങൾ വഴി പൊതുജനങ്ങളെയും. മാട്ടുപ്പെട്ടിയിൽ ഷട്ടറുകൾ ഉയർത്തുമ്പോൾ മുന്നറിയിപ്പു നൽകാറില്ല. ഇത്തവണ, പക്ഷേ, തലേന്നുതന്നെ മാധ്യമങ്ങൾ വഴി അറിയിക്കുകയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും മൈക്ക് പ്രചാരണം നടത്തുകയും ചെയ്തു.

ഇടമലയാർ 

ഓഗസ്റ്റ് ഒൻപതിന് ഇടമലയാർ ഷട്ടറുകൾ തുറന്നിരുന്നു. അതിനും മുൻപു ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും പൂർണമായി ഉയർത്തി. പിന്നീടാണ്, ചെറുതോണി ‍ഡാം തുറന്നത്. ഡാമുകളിൽനിന്നു വെള്ളമെത്തും മുൻപേ മഴമൂലം പെരിയാർ പലയിടത്തും കരകവിഞ്ഞിരുന്നു.  

related stories