Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ് കാലം ചെയ്തു

thomas-mar-athanasios-metropolitan ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ്

എറണാകുളം∙ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80) ട്രെയിനിൽനിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. ഗുജറാത്തില്‍നിന്നു തിരിച്ചു വരികയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികെ നിൽക്കുകയായിരുന്നു. വാതിൽ തട്ടിയാണ് അദ്ദേഹം പുറത്തേക്കു തെറിച്ചതെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഓതറയിലെ ദയറായിലാണ് കബറടക്കം.

Read more at: തോമസ് മാർ അത്തനാസിയോസ് - ദൈവസ്‌നേഹത്തിന്റെ വിദ്യാമൃതം

Thomas Mar Athanasius തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനത്തിനുവച്ചപ്പോൾ. ചിത്രം: റോബർട്ട് വിനോദ്.

എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഭൗതികശരീരം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് 12.45 മുതൽ അരമണിക്കൂർ പൊതുദർശനത്തിനു കൊണ്ടുവന്നു. ഇവിടെനിന്ന് നാലുമണിക്ക് പരുമല പള്ളിയിൽ വിലാപയാത്രയായി എത്തിക്കും. വൈകുന്നേരം ആറുമണിക്ക് ചെങ്ങന്നൂർ പുത്തൻകാവ് ബഥേൽ അരമനയിൽ ഭൗതികശരീരം എത്തിക്കും. ശനിയാഴ്ച പുത്തൻകാവ് കത്തീഡ്രലിൽ പെ‍ാതു ദർശനത്തിന് വയ്ക്കും. ഞായറാഴ്ച മൃതദേഹം ഒ‍ാതറ ദയറായിൽ കെ‍ാണ്ടുവരും. ദയറായിൽ പ്രത്യേകം തയാറാക്കിയ കബറിൽ വൈകുന്നേരം മൂന്നിനാണ് കബറടക്കം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോണി നെല്ലൂർ, കെ.വി. തോമസ് എംപി, പി.സി. ചാക്കോ, ബെന്നി ബെഹനാൻ തുടങ്ങിയവർ എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിലെത്തി അന്തിമോപചാരം അർപ്പിച്ചു.

അത്തനാസിയോസിന്റെ സഹായമെത്രാനായിരുന്ന മാത്യൂസ് മാർ തിമൊഥിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ് (അങ്കമാലി ഭദ്രാസനം), യാക്കൂബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), ഗീവർഗീസ് മാർ യൂലിയോസ് (ബറോഡ ഭദ്രാസനം), മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് ഭദ്രാസനം) എന്നിവരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മന്ത്രി എ.സി. മൊയ്തീൻ, എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, ജസ്റ്റിസ് സുരേന്ദ്ര മോഹൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു. 

സഹായി അറിയിച്ചതിനെത്തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭാപ്രവർത്തനങ്ങളുമായി ബറോഡയിലായിരുന്ന അദ്ദേഹം നെടുമ്പാശ്ശേരിയിൽ വിമാനസർവീസ് താൽക്കാലികമായി നിർത്തിയ സാഹചര്യത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്.

Thomas Mar Athanasius Demise മെത്രാപ്പൊലീത്തയുടെ വിയോഗവാർത്ത അറിഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയവർ.

സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ്. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും മേൽനോട്ടം വഹിച്ചു. 1985ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപീകരിച്ചതു മുതൽ ഭദ്രാസനാധിപനായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഭാപ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി ഏറെ പ്രയത്നിച്ചു.

ഓർത്തഡോക്സ് സഭാ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ്, അഖില മലങ്കര പ്രാർഥനാ യോഗം പ്രസിഡന്ര്, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചുവന്ന അദ്ദേഹം സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

അതേസമയം, അത്താനാസിയോസിന്റെ വിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അനുശോചിച്ചു. മലയാളികൾക്കും ബിജെപിക്കും കനത്ത നഷ്ടമാണ് മെത്രാപ്പൊലീത്തയുടെ വിയോഗം. ഗുജറാത്ത് മോഡലിനെ പിന്തുണച്ച പിതാവിന്റെ ഹൃദയം ബിജെപിക്കുവേണ്ടി തുടിച്ചിരുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.