Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രി നിർമല കർണാടക മന്ത്രിയോടു കയർത്ത സംഭവം; വിശദീകരണവുമായി മന്ത്രാലയം

nirmala-sitharaman നിർമല സീതാരാമൻ

ന്യൂഡൽഹി∙ കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കർണാടക മന്ത്രി സാ രാ മഹേഷിനോടു കയർത്ത സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. സംസ്ഥാന മന്ത്രിയോട് കേന്ദ്രമന്ത്രി കയർത്ത സംഭവം രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പ്. കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ കേന്ദ്രമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിൽനിന്ന്: 

ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് കുടക് ജില്ലാ ഭരണകൂടമാണ് പ്രതിരോധമന്ത്രിയുടെ സന്ദർശന കാര്യങ്ങൾ തീരുമാനിച്ചത്. മന്ത്രിയുടെ സന്ദർശനത്തിന് രണ്ടു ദിവസം മുൻപുതന്നെ പങ്കെടുക്കേണ്ട പരിപാടികളുടെ പട്ടികയ്ക്ക് രൂപം നൽകുകയും അതിന് അനുമതി നൽകി എല്ലാവർക്കും അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർഥന മാനിച്ച് മുൻ സൈനികരുമായി ഒരു കൂടിക്കാഴ്ച കൂടി പരിപാടിയുടെ ഭാഗമാക്കി.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മുൻപു നിശ്ചയിച്ചിരുന്നത് അനുസരിച്ച് മന്ത്രി മുൻ സൈനികരുമായി കൂടിക്കാഴ്ച നടത്തി. പ്രളയം കാര്യമായി ബാധിച്ചവരായിരുന്നു അവരിൽ മിക്കവരും. ഇതിനിടെ കേന്ദ്രമന്ത്രി ആദ്യം കാണേണ്ടിയിരുന്നത് അധികൃതരെയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രി രംഗത്തെത്തി. എന്നാൽ, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന മുൻ സൈനികർക്കാണെന്നും ഈ കൂടിക്കാഴ്ചയ്ക്കുശേഷം അധികൃതരെ കാണാമെന്നും കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും അദ്ദേഹം അയഞ്ഞില്ല. ഇതേ തുടർന്ന് തർക്കം ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി മുൻ സൈനികരുമായുള്ള കൂടിക്കാഴ്ച വെട്ടിച്ചുരുക്കി അധികൃതരുമായി നിശ്ചയിച്ച ചർച്ചയ്ക്കെത്തി. എല്ലാ മാധ്യമപ്രവർത്തകരും കൂടിയിരിക്കെ ഇത്തരമൊരു ചർച്ച വച്ചതുതന്നെ പതിവില്ലാത്തതാണെന്നും വിശദീകരണ കുറിപ്പിലുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിലെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രിക്കെതിരെ അനാവശ്യ പ്രസ്താവന നടത്തിയ സംസ്ഥാന മന്ത്രി മഹേഷിനെതിരെ രൂക്ഷ വിമർശനവും വിശദീകരണക്കുറിപ്പിലുണ്ട്. സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായിട്ടും ജനങ്ങളുടെ വിഷമം വേണ്ടതുപോലെ കാണാൻ പ്രതിരോധമന്ത്രിക്ക് സാധിച്ചില്ലെന്നായിരുന്നു മഹേഷിന്റെ പ്രസ്താവന.

ജനങ്ങളിലേക്കിറങ്ങി, അവരുടെ പ്രശ്നങ്ങൾ പഠിച്ച്, തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ച വ്യക്തിയായിരുന്നെങ്കിൽ അവർക്ക് ജനങ്ങളുടെ വിഷമം കൂടുതൽ മനസ്സിലായേനെ. അവർ കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണല്ലോ – മഹേഷ് ചൂണ്ടിക്കാട്ടി.

മന്ത്രി മഹേഷിന്റെ അറിവില്ലായ്മയാണ് ഈ പ്രസ്താവന വെളിവാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടേതെന്നും പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

related stories