Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ചെലവുചുരുക്കൽ നിർദേശവുമായി ഇമ്രാൻ ഖാന്‍

Imran Khan

ഇസ്‌ലാമാബാദ്∙ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കു ബാധകമാകുന്ന തരത്തിൽ ചെലവുചുരുക്കൽ നടപടികളുമായി ഇമ്രാൻ ഖാൻ. ഇതിന്റെ ഭാഗമായി പ്രസിഡന്റും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വിമാനയാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് തിരഞ്ഞെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ്, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, സെനറ്റ് ചെയർമാൻ, നാഷനൽ അസംബ്ലി സ്പീക്കർ, മുഖ്യമന്ത്രിമാർ തുടങ്ങി എല്ലാവരും വിമാന യാത്രയ്ക്ക് ബിസിനസ് ക്ലാസ് തിരഞ്ഞെടുക്കാനാണ് പ്രധാന നിർദേശമെന്ന് ചൗധരി വ്യക്തമാക്കി. സൈനിക മേധാവിക്കും ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യാൻ അനുമതിയില്ല. എന്നാല്‍ അദ്ദേഹം എപ്പോഴും ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്നും ഒരു ചോദ്യത്തോടു പ്രതികരിക്കവെ ചൗധരി വ്യക്തമാക്കി.

വിദേശ യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും പ്രധാനമന്ത്രിമാർ പ്രത്യേക വിമാനം ഉപയോഗിക്കുന്ന പതിവും ഇമ്രാൻ ഖാൻ അവസാനിപ്പിച്ചു. പകരം മറ്റു യാത്രക്കാർക്കൊപ്പം ബിസിനസ് ക്ലാസിലാകും ഇനിമുതൽ പ്രധാനമന്ത്രിയുടെ യാത്ര. മാത്രമല്ല, പ്രധാനമന്ത്രിയുടെ ആഡംബര വസതി പൂർണമായും ഉപയോഗിക്കേണ്ടതില്ലെന്നും ഇമ്രാൻ തീരുമാനിച്ചിട്ടുണ്ട്. പകരം മുൻ പ്രധാനമന്ത്രിമാരുടെ സൈനിക ഉപദേഷ്ടാവിന്റെ വസതിയാകും ഇമ്രാൻ ഉപയോഗിക്കുക.

പ്രധാനമന്ത്രിയെന്ന നിലയിൽ രണ്ടു വാഹനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയെന്നും ഇമ്രാൻ തീരുമാനിച്ചിരുന്നു. രണ്ടു പേരെ മാത്രമേ വീട്ടുജോലിക്കും നിയോഗിക്കൂ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രോട്ടോക്കോളിലും അദ്ദേഹം തിരുത്തുവരുത്തി.

അതേസമയം, മന്ത്രിമാരുടെ പ്രവർത്തിദിനം അഞ്ചിൽനിന്ന് ആറാക്കി ഉയർത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില മന്ത്രിമാർ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് ഇത് നടപ്പാക്കിയിട്ടില്ല. ഊർജ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2011 മുതലാണ് പാക്കിസ്ഥാനിൽ പ്രവർത്തിദിനം അഞ്ചാക്കി നിജപ്പെടുത്തിയത്. ഇതിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും ഔദ്യോഗിക പ്രവർത്തി സമയം എട്ടു മുതൽ നാലു വരെയായിരുന്നത് ഒൻപത് മുതൽ അഞ്ചു വരെയാക്കിയിട്ടുണ്ട്.

related stories