Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജം

Telecom പ്രളയാനന്തരമുള്ള ടെലികോം സേവനങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജനും ബിഎസ്എൻഎല്‍ കേരള ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യവും കണക്കുകൾ പരിശോധിക്കുന്നു. ജനറൽ മാനേജർ ഡോ.എസ്. ജ്യോതി ശങ്കർ സമീപം.

ആലപ്പുഴ ∙ കേരളത്തിലെ പ്രളയ ബാധിത മേഖലകളിലെ 98 ശതമാനം മൊബൈൽ ടവറുകളും പ്രവർത്തന സജ്ജമായെന്നു ടെലികോം സേവനലഭ്യത അവലോകനം. കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ വിളിച്ചു ചേർത്ത യോഗത്തിലാണു ഇതു സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചത്. കേരളത്തിലെ ടെലികോം ശൃംഖലയുടെ 20 ശതമാനത്തിലധികം പ്രളയം ബാധിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഏകദേശം 350 കോടി രൂപയുടെ പ്രാഥമിക നഷ്ടം ടെലികോം സേവനദാതാക്കൾക്കും ടെലികോം അടിസ്ഥാനസൗകര്യദാതാക്കൾക്കും ഇതുമൂലം ഉണ്ടായിട്ടുണ്ട്.

ടെലികോം സേവനം പുനഃസ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകിയ പിന്തുണ വലുതാണെന്നും യോഗം വിലയിരുത്തി. കുട്ടനാട് മേഖലയിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനു മുന്തിയ പരിഗണന നൽകും. 190 ഇടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഛേദിക്കപ്പെട്ടതിൽ 168 ഇടങ്ങളിലും പുനഃസ്ഥാപിക്കപ്പെട്ടു. ബാക്കിയുള്ള 22 ഇടങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്ന മാത്രയിൽ പുനഃസ്ഥാപിക്കും.

കേരളത്തിൽ ആകെയുള്ള 85,900 മൊബൈൽ ടവറുകളിൽ 23,552 എണ്ണത്തിന്റെ പ്രവർത്തനത്തെ പ്രളയം ബാധിച്ചിരുന്നു. 24–ാം തീയതി ആയപ്പോഴേക്കും ഇതിൽ 22,217 എണ്ണത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ടു. പ്രളയം പ്രവർത്തനത്തെ ബാധിച്ച 153 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 131 എണ്ണം പൂർവ സ്ഥിതിയിലാക്കി. വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പ്രളയബാധിത മേഖലകളിലെ നാനൂറിലധികം മൊബൈൽ ടവറുകൾ പൂർണമായും ഡീസൽ ജനറേറ്ററുകളിലാണ് പ്രവർത്തിക്കുന്നത്.