Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരാഖണ്ഡ് പ്രളയത്തിൽ കേരളം സഹായിച്ചോ?; തെളിവ് നിരത്തി സോഷ്യൽമീഡിയ

ommenchandy-uttarakhand-flood ഉത്തരാഖണ്ഡ് പ്രളയബാധിതർക്കായി തിരുവനന്തപുരം നഗരത്തിലെ സ്‌കൂൾ കുട്ടികൾ സമാഹരിച്ച തുക ക്ലിഫ് ഹൗസിലെത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു കൈമാറുന്നു (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ കേരളം ഒരു സഹായവും നൽകിയില്ലെന്ന് വിക്കിപീഡിയ തിരുത്തിയടക്കം പ്രചാരണം ശക്തമായിരിക്കെ തെളിവുകള്‍ നിരത്തി പ്രതിരോധിച്ചു സമൂഹമാധ്യമങ്ങൾ. സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് ഔദ്യോഗികമായി സഹായം നല്‍കിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ ഇതുസംബന്ധിച്ച നിരവധി വാര്‍ത്തകളാണു വെളിച്ചത്തെത്തുന്നത്. 2013 ഓഗസ്റ്റ് 14ന് കേരളത്തിലെ പത്രങ്ങളിലാകെ വന്ന ഒരു ചിത്രം, തിരുവനന്തപുരം നഗരത്തിലെ സ്‌കൂൾ കുട്ടികൾ ഉത്തരാഖണ്ഡ് പ്രളയബാധിതർക്കായി സമാഹരിച്ച തുക ക്ലിഫ് ഹൗസിലെത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു കൈമാറുന്നതാണ്. ഈ ചിത്രം കേരളം ഉത്തരാഖണ്ഡിന്‍റെ വേദന കണ്ടറിഞ്ഞതിന്‍റെ നേര്‍സാക്ഷ്യമാണ്.

ഉത്തരാഖണ്ഡ് പ്രളയത്തിൽ രണ്ടു കോടി രൂപ സാമ്പത്തിക സഹായം നൽകാൻ 2013 ജൂൺ 26നു ചേർന്ന മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. അന്നുതന്നെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനം മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവ് വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. രണ്ടു കോടിക്കു പുറമേ, എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളവും ഉത്തരാഖണ്ഡിനു നൽകി. ശിവഗിരി മഠത്തിൽനിന്നുള്ള സന്യാസിമാർ അടക്കം ചില മലയാളികളും കുടുങ്ങിയ ആ പ്രളയത്തിൽ കേരളത്തിന്റെ സഹായം അവിടെ അവസാനിച്ചില്ല. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നിന്ന് 30 പേരുള്ള വിദഗ്ധസംഘം രണ്ട് ആംബുലൻസുകളും അത്യന്താധുനിക ഉപകരണങ്ങളുമായി ഉത്തരഖണ്ഡിലേക്കു പോയി സേവനം നടത്തി.

ഇതിനു പുറമേയാണ്, തിരുവനന്തപുരം നഗരത്തിലെ അൻപതിലേറെ സ്‌കൂളുകളിലെ കുട്ടികൾ ഉത്തരഖണ്ഡിനായി പണം സമാഹരിച്ചു മുഖ്യമന്ത്രിക്ക് കൈമാറിയത്. മാധ്യമപ്രവര്‍ത്തകൻ എം.അബ്ദുല്‍ റഷീദ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡിലെ പ്രളയബാധിതർക്കു ‘മലയാള മനോരമ’ നല്ല പാഠം പദ്ധതി വഴിയും തുക സമാഹരിച്ച് നൽകിയിരുന്നു. അന്ന് സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ തുക സമാഹരിച്ചതു തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾ ആയിരുന്നു. ജില്ലയിലെ എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്‌കൂളുകൾ ചേർന്നു തപാൽ ഓഫിസുകൾ വഴി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത് 5.39 ലക്ഷം രൂപ. ഒരു ജില്ലയിലെ മാത്രം തുകയാണിത്.

ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിന്റെ സമയത്ത് കേരളം ഒന്നും സംഭാവന നൽകിയില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. 2013ൽ ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായപ്പോൾ കേരളം യാതൊന്നും ചെയ്തില്ല എന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വാദം തെറ്റാണെന്നും വിക്കിപീഡിയ തിരുത്തിയാണു സുരേന്ദ്രൻ വ്യാജപ്രചാരണം നടത്തിയെന്നും ഇൻഫോ ക്ലിനിക് ഡോക്ടർ നെൽസൺ ജോസഫ് ഫെയ്സ്ബുക്കില്‍ ആരോപിക്കുന്നു. എങ്ങനെയാണ് വിക്കിപീഡിയയിലെ വിവരത്തില്‍ തിരിമറി നടത്തിയതെന്ന് നെൽസന്റെ പോസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്.

related stories