Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം എന്നെ പഠിപ്പിച്ചത്: ചർച്ചയായി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

sheikh-mohammed-bin-rashid-al-maktoum-tweet ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അദ്ദേഹത്തിന്റെ ട്വീറ്റും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഇംഗ്ലിഷ് പരിഭാഷയും

ദുബായ്∙ ജീവിതം എന്നെ പഠിപ്പിച്ചത് എന്ന പേരിൽ യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നു. ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഷെയ്ഖ് മുഹമ്മദ് ഒരു ഭരണാധികാരി എന്ന നിലയിൽ തന്റെ പാഠങ്ങൾ അറബിക് ഭാഷയിൽ ട്വീറ്റ് ചെയ്തത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രവുമായുള്ള പ്രശ്നത്തിനിടെ ഇൗ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നു ചിലർ കണ്ടെത്തിയതോടെ ട്വീറ്റിന്റെ ഇംഗ്ലിഷ്, മലയാളം പരിഭാഷകളും സ്ക്രീൻ ഷോട്ടുകളായി വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.

‘രണ്ടു തരം ഭരണാധികാരികളാണുള്ളത്. ആദ്യത്തേതു തന്റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവർ. ജനസേവനത്തിൽ സംതൃപ്തിയടയുന്നവരാണവർ. ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനു മുന്നിട്ടിറങ്ങുന്നവർ. ലളിതമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സങ്കീർണമാക്കുന്നവരാണു രണ്ടാമത്തെ വിഭാഗം. സാങ്കേതികതകളുടെ പേരിലാണ് അവർ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കൽ യാചിച്ചു നിൽക്കണമെന്ന് അവർ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കിൽ ആദ്യ വിഭാഗത്തിലുള്ളവരാണു വേണ്ടത്’– ഇതാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റിന്റെ മലയാളത്തിലുള്ള രത്നച്ചുരുക്കം. രണ്ടു വിഭാഗങ്ങളായുള്ള ട്വീറ്റിന് ഇതിനകം ആയിരക്കണക്കിനു പേർ ലൈക്ക് അടിക്കുകയും കമന്റ് എഴുതുകയും ചെയ്തിട്ടുണ്ട്.‌

നേരത്തെയും ഇതുപോലുള്ള ചിന്താശകലങ്ങൾ അടങ്ങിയ ഫ്ലാഷസ് ഒാഫ് തോട്സ്, റിഫ്ലക്‌ഷൻ ഒാഫ് ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി, മൈ വിഷൻ: ചലഞ്ചസ് ഇന്‍ ദ് റേസ് ഫോർ എക്സലൻസ് തുടങ്ങിയ പുസ്തകങ്ങൾ ഷെയ്ഖ് മുഹമ്മദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ മലയാളം പരിഭാഷയും ലഭ്യമാണ്.