Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരന്തം; കേന്ദ്രസഹായം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല: മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ ഓഖി ദുരന്തത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമേ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവു പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവു വരുമെന്നും പ്രതീക്ഷിക്കുന്നു–മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണഫണ്ടിൽ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സിഎംഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്ന് 218 കോടി രൂപ സ്വരൂപിച്ചു. ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി. 84.90 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. ഇതു രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. 

ഓഖിക്കു വേണ്ടി കേന്ദ്രം നല്‍കിയതോ, സിഎംഡിആര്‍എഫില്‍ ജനങ്ങളില്‍ നിന്നു ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്– മുഖ്യമന്ത്രി വ്യക്തമാക്കി.