Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെമോക്രാറ്റുകൾ വിജയിച്ചാൽ ഇടത് അതിക്രമത്തിനു സാധ്യതയെന്ന് ട്രംപ്

Donald Trump

വാഷിങ്ടൻ ‍∙ യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ തന്‍റെ നയങ്ങൾ അക്രമണപരമായി മറിച്ചിടപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സുവിശേഷസംഘം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ മുന്നറിയിപ്പു നൽകിയത്. വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ ഇവഞ്ചെലിക്കൽ നേതാക്കളുമായി പ്രസിഡന്‍റ് നടത്തിയ കൂടിക്കാഴ്ചയുടെ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തുവിട്ടു.

ഇടക്കാല തിരഞ്ഞെടുപ്പ് തന്‍റെ സ്വീകാര്യത അളക്കുന്നതു മാത്രമല്ലെന്നും മറിച്ച് മത സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിത പരിശോധന കൂടിയാണെന്നും നേതാക്കളെ ഓർമപ്പെടുത്തിയ ട്രംപ്, അവ നഷ്ടമാകുന്നതിൽനിന്നു കേവലം ഒരു വോട്ട് മാത്രം അകലെയാണ് അവരെന്നും സൂചിപ്പിച്ചു. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന വ്യക്തികളാണ് തനിക്കൊപ്പം ഇരിക്കുന്നതെന്നും ആ വിശാലമായ അധികാരം വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കണമെന്നും ട്രംപ് അഭ്യര്‍ഥിച്ചു.

‘ഇത് കേവലം ഇഷ്ടത്തിന്‍റെയോ അനിഷ്ടത്തിന്‍റെയോ മാത്രം പ്രശ്നമല്ല. നമ്മൾ ചെയ്തതെല്ലാം അവർ വളരെ എളുപ്പത്തിൽ അക്രമണപരമായി മറിച്ചിടും. ഇതിൽ അക്രമണത്തിന്‍റെ ഭാഗമുണ്ട്. ആന്‍റി ഫാസിസ്റ്റുകളുടെ കാര്യം തന്നെ എടുത്താൽ മതി. അവർ അക്രമണകാരികളാണ്’ - ട്രംപ് പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയം പിടിച്ചെടുത്താൽ അവസാന രണ്ടു വർഷത്തെ ഭരണം ട്രംപിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ട്രംപിന്‍റെ സ്വീകാര്യത കൂടുതൽ ദുർബലമാക്കി രണ്ടു കോടതി വിധികളും അടുത്തിടെ വന്നിരുന്നു. ട്രംപിന്റെ മുൻ അഭിഭാഷകനും പ്രചാരണ തലവനും കുറ്റക്കാരാണെന്ന കോടതികളുടെ കണ്ടെത്തലുകൾ ആത്യന്തികമായി തന്നെ ബാധിക്കുന്നതല്ലെന്നു ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര സുഗമമല്ലെന്നാണു റിപ്പോർട്ടുകൾ.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറു സീറ്റുകളിൽ 35 എണ്ണത്തിലേക്കും കൂടാതെ ഗവർണർ പദവികളിലേക്കും പ്രാദേശിക തലത്തിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.