Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ പ്രശ്നപരിഹാരത്തിനു പ്രമേയം: ഉടൻ അവതരിപ്പിക്കുമെന്നു പാക്കിസ്ഥാന്‍ മന്ത്രി

imran-khan-modi പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഇന്ത്യയുമായുള്ള കശ്മീർ തർക്കം പരിഹരിക്കുന്നതിനു പുതിയ പ്രമേയം തയാറാക്കുന്നതായി പാക്ക് സർക്കാർ. പാക്കിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാര്‍ട്ടി സർക്കാരിലെ മനുഷ്യാവകാശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഷിറീൻ മസാരിയാണ് ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതു തയാറാക്കി മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

മറ്റുള്ളവരുമായും വിഷയം ചർച്ച ചെയ്യും. നിർദേശങ്ങൾ ഏകദേശം തയാറാണ്. അടുത്തു തന്നെ ഇതു പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. അതിനിടെ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാൻ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കും. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ പശ്ചാത്തലത്തിലായിരിക്കും കൂടിക്കാഴ്ച. അതേസമയം ഇമ്രാൻ ഖാൻ സര്‍ക്കാരിന് ഇന്ത്യയുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്നാണു രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ സർക്കാരുണ്ടാക്കിയതെന്നതാണ് ഇതിന്റെ കാരണം.

പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലെ ജയത്തിനുശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അവർ ഒരു ചുവടു വച്ചാൽ നമ്മൾ രണ്ടു ചുവടു വയ്ക്കണം, പക്ഷേ ഒരു തുടക്കമാണു വേണ്ടതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഇന്ത്യയിലെ മാധ്യമങ്ങൾ തന്നെ ഒരു ബോളിവുഡ് വില്ലനെ പോലെയാണു കാണുന്നതെന്നും ഇമ്രാൻ അടുത്തിടെ പ്രതികരിച്ചിരുന്നു.