Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ എണ്ണിത്തീർന്നു; അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി

Banned 500 rupees note

മുംബൈ∙ കള്ളപ്പണം പിടിക്കാനെന്ന പേരിൽ അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയതായി റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ 2017-18 വാർഷിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2016 നവംബർ എട്ടിന് അർധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി (15,310.73 ബില്യൻ) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു. 15.41 ലക്ഷം കോടി രൂപ (15,417.93 ബില്യൻ) മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവാക്കിയത്. ഫലത്തിൽ തിരിച്ചെത്താതിരുന്നത് ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രം.

വിവിധ ബാങ്കുകൾ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന ബൃഹത്തായ ശ്രമം അവസാനിച്ചതായും ആർബിഐ റിപ്പോർട്ടിൽ പറയുന്നു. ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ചു പ്രത്യേക സംവിധാനം വഴി എണ്ണിത്തിട്ടപ്പെടുത്തി. വേഗത്തിൽ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറൻസി വെരിഫിക്കേഷൻ ആൻഡ് പ്രൊസസിങ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പിന്നീടു നോട്ടുകളെല്ലാം നശിപ്പിക്കുകയും ചെയ്തു.