Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻടിആറിന്‍റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു

nandamuri-harikrishna-1 അപകടസ്ഥലത്തുനിന്നുള്ള ചിത്രം; ഇൻസെറ്റിൽ നന്ദമുരി ഹരികൃഷ്ണ

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്‍റെ മകൻ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്നു രാവിലെ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ നർക്കപ്‍‍ടലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലൂരിൽനിന്നു ഹൈദരാബാദിലേക്കു വരികയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകട സമയത്ത് ഹരികൃഷ്ണ തന്നെയാണു കാർ ഓടിച്ചിരുന്നതെന്നാണു പൊലീസ് നിഗമനം. കാറിൽ ഹരികൃഷ്ണയെ കൂടാതെ രണ്ടു പേർ കൂടിയുണ്ടായിരുന്നു. ഇവര്‍ക്കു നിസാര പരുക്കേറ്റു.

ടോളിവുഡ് നടൻമാരായ ജൂനിയർ എൻടിആർ, നന്ദമുരി കല്യാൺ റാം, പരേതനായ നന്ദമുരി ജാനകിറാം, നന്ദമുരി സുഹാസിനി എന്നിവരാണ് മക്കള്‍. 2014 ൽ റോഡ് അപകടത്തിലാണ് ജാനകിറാമും മരിച്ചത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ഭാര്യാ സഹോദരനായ ഹരികൃഷ്ണ അറിയപ്പെടുന്ന നടൻ കൂടിയാണ്. ബാലതാരമായി തുടക്കമിട്ട ഹരികൃഷ്ണ സിനിമ ഉപേക്ഷിച്ച് പിതാവിനൊപ്പം തെലുങ്കുദേശം പാർട്ടിയിൽ സജീവമായി. രാജ്യസഭാംഗമായും പ്രവർത്തിച്ചു. 1998 ൽ സിനിമാലോകത്ത് തിരിച്ചെത്തി.