Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതസംഘടനാ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട: കർശന നിർദേശങ്ങളുമായി രജനി

rajnikanth

ചെന്നൈ∙ രാഷ്ടീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ ആരാധകർക്കുള്ള മാർഗനിർദേശങ്ങളുമായി രജനികാന്ത്. ആരാധകരുടെ സംഘടനയായ രജനി മക്കൾ മൺട്രം പ്രവർത്തകർക്കുള്ള നിർദേശങ്ങളും അംഗത്വത്തിനുള്ള യോഗ്യതകളും അടങ്ങിയ ബുക്ക്‌ലെറ്റ് പുറത്തിറക്കി. മത - സാമുദായിക സംഘടനകളുടെ ചുമതല വഹിക്കുന്നവർക്കു മക്കൾ മൺട്രത്തിൽ പ്രവർത്തിക്കാനാവില്ല എന്നതാണു പ്രധാന നിർദേശം.

18 വയസ് കഴിഞ്ഞവർക്കു മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. വാഹനങ്ങളിൽ സംഘടനയുടെ കൊടി ഉപയോഗിക്കരുത്. പ്ലാസ്റ്റിക്ക് നിർമിത കൊടിതോരണങ്ങൾ പാടില്ല. കുടുംബത്തിൽ ഒരാൾക്കു മാത്രമേ ഭാരവാഹിത്വം ലഭിക്കുകയുള്ളൂ എന്നിവയാണു മറ്റു നിര്‍ദേശങ്ങള്‍.

രാഷ്ടീയത്തിലിറങ്ങും എന്ന പ്രഖ്യാപനം നടത്തി മാസങ്ങളായെങ്കിലും രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം നീളുകയാണ്. നിലവിൽ ആരാധക സംഘടനയായ രജനി മക്കൾ മൺട്രം കേന്ദ്രീകരിച്ചാണു പ്രവർത്തനം. മക്കൾ മൺട്രത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണു രജനീകാന്ത് ഇപ്പോൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

സ്ത്രീകളോടു ബഹുമാനത്തോടെ പെരുമാറണം. എതിരഭിപ്രായം ഉള്ളവരെ അക്രമിക്കരുത്. യുവജന വിഭാഗത്തിന്റെ പ്രായ പരിധി 35 വയസാണ്. രാജ്യത്തെ നിയമ വ്യവസ്ഥിതി അംഗീകരിക്കണം. നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കും തുടങ്ങിയ മാർഗ നിർദേശങ്ങളാണു പുറത്തിറക്കിയത്.

സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന ഭാരവാഹികൾക്കും പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള രജനീകാന്തിന്റെ ചുവടുവയ്പയാണ് ഇതിനെ കണക്കാക്കുന്നത്. മക്കൾ നീതി മയ്യം പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ കമൽ ഹാസനും നേരത്തെ പുറപ്പെടുവിച്ചിരുന്നു.