ലൈംഗികാരോപണം: സ്കോട്ടിഷ് നേതാവ് അലക്സ് സാൽമണ്ട് രാജിവച്ചു

അലക്സ് സാൽമണ്ട്.

ലണ്ടൻ∙ മുൻ സ്റ്റാഫ് അംഗങ്ങളുടെ പരാതിയിൽ ലൈംഗികാരോപണം േനരിടുന്ന സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി.) നേതാവ് അലക്സ് സാൽമണ്ട് പാർട്ടിയിൽനിന്നും രാജിവച്ചു. അന്വേഷണം പൂർത്തിയാകും വരെ പാർട്ടിയിൽനിന്നും മാറിനിൽക്കാനാണ് മുൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ കൂടിയായ സാൽമണ്ടിന്റെ തീരുമാനം. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും നിലവിലെ എസ്.എൻ.പി. നേതാവുമായ നിക്കൊളാസ് സ്റ്റർജൻ സാൽമണ്ടിന്റെ രാജി സ്ഥിരീകരിച്ചു. 

മുൻ സഹപ്രവർത്തകരുടെ ആരോപണങ്ങൾ നിഷേധിച്ച അലക്സ് സാൽമണ്ട്, അന്വേഷണം പൂർത്തിയായി കുറ്റവിമുക്തനാകുന്നതോടെ പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി സ്കോട്ടിഷ് നാഷനൽ പാർട്ടിയെ നയിക്കുന്ന കരുത്തുറ്റ നേതാവാണ് അലക്സ് സാൽമണ്ട്. സ്വതന്ത്ര സ്കോട്ട്ലൻഡിനായി പ്രവർത്തിച്ച് സ്കോട്ടിഷ് ഹിതപരിശോധന സാധ്യമാക്കിയത് സാൽമണ്ടിന്റെ ശ്രമഫലമാണ്. 2007 മുതൽ 2014 വരെ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററായിരുന്ന സാൽമണ്ട് ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞെങ്കിലും പാർട്ടിയിലെ പരമോന്നത നേതാവായിരുന്നു.