Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചെത്തിയതിൽ കൂടുതലും കള്ളപ്പണം; കായുള്ള മാവിനല്ലേ കല്ലെറിയൂ: കെ.സുരേന്ദ്രൻ

K-Surendran കെ.സുരേന്ദ്രൻ

കോഴിക്കോട്∙ നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തിരിച്ചെത്തിയ നോട്ടുകളിൽ നല്ലൊരു ശതമാനം കള്ളപ്പണമാണ്. കള്ളപ്പണക്കാർക്ക് പിഴയടയ്ക്കാനുള്ള അവസരം കേന്ദ്ര സർക്കാർ നൽകിയിരുന്നു. നികുതിദായകരുടെ കണക്കിൽ നോട്ടു നിരോധനത്തിന് ശേഷം വൻ വർധന ഉണ്ടായതായും സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് അവകാശപ്പെട്ടു.

കടകംപള്ളി സുരേന്ദ്രനെപ്പോലെ ഒരാൾക്ക് നോട്ടുനിരോധനത്തിന്റെ ഏനക്കേട് ഇതുവരെ തീർന്നിട്ടില്ല. സഹകരണ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയില്ലെന്ന വേവലാതിയാണ് ഇത്തരം പ്രചരണങ്ങൾക്ക് അടിസ്ഥാനം. നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ്. ഇന്ത്യയിൽ കണക്കിൽപ്പെടാതെ കയ്യിൽ സൂക്ഷിച്ചിരുന്ന പണമെല്ലാം അക്കൗണ്ടിലായി എന്നതാണു നോട്ടുനിരോധനത്തിന്റെ സവിശേഷത.

കള്ളപ്പണം തിരിച്ചെത്തില്ലെന്ന് പറഞ്ഞത് ഡിസംബറിൽ ജൻകല്യാൺ യോജന പ്രകാരം പിഴയൊടുക്കാൻ അവസരം നൽകും മുന്‍പാണ്. മൂന്നുലക്ഷം കോടി തിരിച്ച് അക്കൗണ്ടിൽ വരുമെന്ന തന്റെ പ്രസ്താവന വിവാദമാക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ. സൈബർ ആക്രമണത്തെ അത്തരത്തിലാണു കൈകാര്യം ചെയ്യുന്നത്. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്തതിനാലാണ് ട്രോളുകൾ ഇറക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരാൻ നോട്ടുനിരോധനത്തിനു സാധിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനത്തിലേറെ തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് കണ്ടെത്തല്‍ വന്നതിനു പിന്നാലെ കെ.സുരേന്ദ്രന്‍റെ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഏല്‍ക്കേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണം.  

related stories