Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു: പ്രളയത്തെപ്പറ്റി മുഖ്യമന്ത്രി

Pinarayi_Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ∙ കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നെന്നും അതു പ്രളയക്കെടുതി രൂക്ഷമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ പ്രവചനത്തിലെ ന്യൂനത കാരണം ഗണ്യമായ പിശകുണ്ടായി. ശക്തമായ മഴ (ഹെവി റെയിന്‍ഫാള്‍ ) ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെയാണ്. അതിശക്തമായ മഴ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയും അതിതീവ്ര മഴ 20 സെന്റിമീറ്ററില്‍ അധികവുമാണ്. അതിതീവ്രമഴയെന്ന പ്രവചനം ഓഗസ്റ്റിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയില്ലെന്നു നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നു മുതല്‍ എട്ടുവരെ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനമാണ് ഉണ്ടായിരുന്നത്. ഒന്‍പതു മുതല്‍ 15 വരെ അതിശക്തമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ടായി. എന്നാല്‍ 35.22 സെന്റിമീറ്റര്‍ മഴ പെയ്തു. അതായത് അതിശക്തമായ മഴയുടെ സ്ഥാനത്ത് അതിതീവ്രമഴയാണു ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി–ചെറുതോണി അണക്കെട്ട് 

ഇടുക്കി അണക്കെട്ട് തുറക്കുന്നതിനെ സംബന്ധിച്ചാണു മറ്റൊരു വിവാദം. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാവുന്ന കുറഞ്ഞ ഉയരം 2,378 അടിയാണ്. ഈ ഉയരത്തില്‍ വെള്ളം എത്തുന്നത് ജൂലൈ 17നാണ്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് എട്ടു വരെ 15% അധികമഴയാണ് കിട്ടിയത്. അസാധാരണ സാഹചര്യം ഇല്ലായിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ എട്ടുവരെ സാധാരണ കിട്ടുന്ന മഴയേക്കാള്‍ 38% കുറവായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി മഴ ശക്തമായി. ഓഗസ്റ്റ് 16 വരെ മഴയില്‍ 362% വര്‍ധന. ഇടുക്കിയില്‍ മാത്രം 568% അധിക മഴ ലഭിച്ചു. അപ്പോഴെല്ലാം കാലാവസ്ഥാ പ്രവചനം ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. അപ്രതീക്ഷിത മഴ പ്രവചനത്തില്‍ ഉണ്ടായിരുന്നില്ല. 

ഓഗസ്റ്റ് ഒന്നിന് 2395.8 അടിയായി ഇടുക്കിയിലെ ജലനിരപ്പ്. ഓഗസ്റ്റ് നാലിന് 2396.34 അടിയായി. പിന്നീട് ജലനിരപ്പ് കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് ജലനിരപ്പ് വര്‍ധിച്ചു. ഓഗസ്റ്റ് ഒന്‍പതിന് രണ്ട് അടി ഉയര്‍ന്ന് 2398.4 അടിയായി. ഇങ്ങനെയാണ് അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായത്. കാലാവസ്ഥാ നിരീക്ഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഡാം മാനേജ്മെന്റുമായി കൂട്ടിയിണക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ സഹായ വാഗ്ദാനം

പ്രളയക്കെടുതിയില്‍ കേരളത്തെ യുഎഇ സഹായിക്കുമെന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്നു മുഖ്യമന്ത്രി ചോദിച്ചു. യുഎഇയിലെ ഓരോ വീടുമായും മലയാളിക്ക് ആത്മബന്ധം ഉണ്ട്. യുഎഇ നേരത്തെ കേരളത്തിന് നല്‍കുമെന്നു പറഞ്ഞുകേട്ട തുകയല്ല, അതിനേക്കാള്‍ വലിയ തുക കേരളത്തിലേക്ക് വരുമെന്നാണ് തനിക്ക് മനസ്സിലാകുന്നത്. കേന്ദ്രത്തില്‍നിന്നു നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നുളള പ്രതികരണം അങ്ങനെയായിരുന്നു. അതിന്റെ പ്രതിഫലനം സഹായത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റക്കെട്ടായി നില്‍ക്കാം

അതീവ ഗൗരവമായ ചര്‍ച്ചയാണു നിയമസഭയില്‍ നടന്നത്. നമുക്ക് വന്നുചേര്‍ന്ന ദുരന്തം പരിഹരിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയെന്ന കേരളത്തിന്റെ പൊതുവികാരത്തിനൊപ്പമാണ് ഈ സഭയും. എന്നാല്‍, പുനര്‍നിര്‍മാര്‍ണം എങ്ങനെയായിരിക്കണം എന്ന ദിശയില്‍ ചര്‍ച്ച നീങ്ങിയില്ല. ഇതു സംബന്ധിച്ച കരടുരേഖ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു മുന്നോട്ടുപോകും.

പുനര്‍നിര്‍മാണം വൈകുന്നതു ജനജീവിതത്തെ ബാധിക്കും. സാമ്പത്തികം സ്വരൂപിക്കുന്നതിനെക്കുറിച്ചും സഭയിലെ ചര്‍ച്ചയില്‍ നിര്‍ദേശം വന്നില്ല. പരിസ്ഥിതി കണക്കിലെടുത്ത് നിര്‍മാണം നടത്തണമെന്നു നിര്‍ദേശം വന്നു. വെള്ളപ്പൊക്കവും വലിയ മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ ഇനി നിര്‍മാണപ്രവര്‍ത്തനം പറ്റുമോ എന്നത് ഗൗരവമായ പ്രശ്നമാണ്. വിശദമായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ.

പുനരധിവാസത്തിന് രാജ്യാന്തര വിദഗ്ധരുടെ ഉപദേശം തേടുന്നതില്‍ വൈമുഖ്യമില്ല. അത് നാടിനു സഹായകരമാണ്. നമ്മുടെ നാടിനു ചേരുന്നതും ഭാവിക്ക് ഗുണകരമായതുമായ എന്തും സ്വീകരിക്കാം. സമഗ്രമായ റിസര്‍വോയര്‍ പരിപാലനം വേണം. കൂടുതല്‍ നല്ല രീതിയില്‍ അതു നടക്കേണ്ടതുണ്ട്. അന്തര്‍ സംസ്ഥാന റിസര്‍വോയറുകളുടെ കാര്യത്തില്‍ ചില നടപടികള്‍ ഇപ്പോള്‍ തന്നെ വന്നിട്ടുണ്ട്. 

മഴ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ റോഡ് ഈ രീതിയില്‍ വേണോ എന്നു ചിന്തിക്കണം. ഒറ്റ മഴയില്‍ ഒലിച്ചു പോകാത്ത റോഡ് നിര്‍മിക്കും. ഫയര്‍ഫോഴ്സിന് പുറമേ പൊലീസിനും ദുരന്തനിവാരണ പരിശീലനം ലഭ്യമാക്കും. വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതു ലഭിക്കുന്നതിന് ഫലപ്രദമായ നടപടിയെടുക്കും. സമയബന്ധിതമായി രേഖകള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.