Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയ്ക്ക് തിരിച്ചടി തുടരുന്നു; മണിക്കൂറുകൾക്കുള്ളിൽ ഇടിഞ്ഞത് 23 പൈസ

India Currency

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു തിരിച്ചടി തുടരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപയുടെ മൂല്യം 70.82ൽ എത്തി. 70.59 ആയിരുന്നു ഇന്നലത്തെ മൂല്യം. ഈ മാസം 13നു രൂപ 110 പൈസ ഇടിഞ്ഞിരുന്നു. എണ്ണ ഇറക്കുമതിക്കാരിൽ നിന്ന് വൻതോതിൽ ഡോളറിന് ആവശ്യം വർധിച്ചതും വിദേശനിക്ഷേപം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ വ്യാപാര മധ്യത്തിൽ രൂപ 70.65 വരെ എത്തിയിരുന്നു. നാളെ പ്രഖ്യാപിക്കുന്ന സാമ്പത്തിക വളർച്ച, ധനകമ്മിറ്റി റിപ്പോർട്ടുകളിലാണ് ഇനി വിപണിയുടെ കണ്ണ്.

വികസ്വര രാജ്യങ്ങൾക്കിടയിൽ ഈ വർഷം കനത്ത തിരിച്ചടി നേരിട്ട കറൻസിയാണു രൂപ. ഈ വർഷം മൂല്യത്തിൽ 10 ശതമാനം ഇടിവാണ് ഉണ്ടായത്. കറന്റ് അക്കൗണ്ട് കമ്മി ഉയർത്തുന്ന ആശങ്കയാണു രൂപയ്ക്കു തിരിച്ചടി നൽകുന്ന ഒരു ഘടകം. നാണ്യപ്പെരുപ്പം ഉയർത്താനും ഇതു വഴിയൊരുക്കും.

രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം ഇറക്കുമതിച്ചെലവും കുത്തനെ ഉയർത്തും. നടപ്പു സാമ്പത്തിക വർഷം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ആഭ്യന്തര ഉൽപാദനത്തിന്റെ 2.5 ശതമാനത്തിൽ എത്തുമെന്നാണു കണക്കാക്കുന്നത്. എന്നാൽ എണ്ണവില വീണ്ടും കുതിച്ചുകയറി ബാരലിനു 80 ഡോളർ പിന്നിട്ടാൽ സിഎഡി 3.5% കടന്നേക്കുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്ക് കഴിയുന്നതും, വിദേശ നാണ്യ കരുതൽ ശേഖരം 40084.7 കോടി ഡോളർ എന്ന സുരക്ഷിത നിലവാരത്തിൽ തുടരുന്നതും ആശ്വാസം പകരുന്ന ഘടകങ്ങളാണ്.