Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്സ് സഭ പിആർഒ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി

prof-pc-alias

കോട്ടയം∙ ഓർത്തഡോക്സ് സഭ പിആർഒ ദേവലോകം പുതുശ്ശേരി പ്രഫ. പി.സി ഏലിയാസ് (73) നിര്യാതനായി. ബസേലിയസ് കോളജ് മുൻ പ്രിൻസിപ്പലും തെങ്ങണ ഗുഡ്ഷെപ്പേ‍ഡ് സ്കൂൾ സ്ഥാപക ട്രസ്റ്റിയുമാണ്. 2008 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നു മുതൽ നാലു വരെ ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ശനിയാഴ്‌ച്ച 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ.

Prof. P.C. Alias with Catholicose and K.S. Chitra പ്രഫ. പി.സി ഏലിയാസ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഗായിക കെ.എസ് ചിത്ര തുടങ്ങിയവർക്കൊപ്പം.

ഭാര്യ: അന്നമ്മ ഏലിയാസ് (കെഎസ്ഇബി മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ). മക്കൾ: അനിൽ ഏലിയാസ് (ഐബിഎം, ബെംഗളൂരു), അനില ഏലിയാസ് (ഐബിഎസ്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് ജോസഫ് (യുഎസ്ടി ഗ്ലോബൽ), ലിസ്ബത്ത് ഏബ്രഹാം (ഗുഡ്ഷെപ്പേ‍ഡ് ആൻഡ് ഇറ്റാലിയൻ മോണ്ടിസോറി, ബെംഗളൂരു). 

Prof. P.C. Alias with Catholicose and Irom Sharmila പ്രഫ. പി.സി. ഏലിയാസ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മണിപ്പുരിന്റെ സമരനായിക ഇറോം ശർമിള, ഫാ. പി.എ. ഫിലിപ്പ്, ഫാ. ഡോ. കെ.എം. ജോർജ് തുടങ്ങിയവർക്കൊപ്പം.

1968-69 വരെ കോതമംഗലം മാര്‍ അത്താനാസിയോസ് കോളജ് ഓഫ് എഞ്ചിനിയറിംഗിലും, 1969-77, 1987-95 കോട്ടയം ബസേലിയസ് കോളേജ്, 1977- 87 വരെ നൈജീരിയ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ & ജോസ് യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായി സേവനുഷ്ഠിച്ചു. 1995- 98 പഴഞ്ഞി എം.ഡി കോളേജ്, 1998-2000 കോട്ടയം ബസേലിയസ് കോളേജ്, 2000-05 ഗുഡ് ഷെപ്പേര്‍ഡ് ജൂണിയര്‍ കോളേജ്, എന്നീ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായി  2006- 17 വരെ ഗുഡ് ഷെപ്പേര്‍ഡ് സ്ക്കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചു. 1999ല്‍ ന്യൂഡെല്‍ഹി ഓള്‍ ഇന്‍ഡ്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ മികച്ച പ്രിന്‍സിപ്പലിനുളള അവാര്‍ഡ് കരസ്ഥമാക്കി. നാമ്പുകൾ, പ്രഭ, മനുഷ്യദർശനം എന്നീ ഗ്രന്ഥങ്ങള്‍ കൂടാതെ ഇക്കണോമിക്സില്‍ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കേരള ഇക്കണോമിക്സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും, പോസ്റ്റ് എസ്.എസ്.എല്‍.സി എഡ്യൂക്കേഷന്‍ പ്രോഗ്രാം ഫൗണ്ടര്‍ ഡയറക്ടര്‍, നൈജീരിയ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫൗണ്ടര്‍ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ ലൈഫ് മെമ്പര്‍ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, ഓൾ കേരള കോളേജ് പ്രിൻസിപ്പൽസ് അസോസിയേഷൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.