Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ വഴി കേരളത്തിലേക്ക് സഹായം; സാധനങ്ങൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു

railway-help കലക്ടറേറ്റിലെ സംഭരണകേന്ദ്രത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള കിറ്റുകള്‍ തയാറാക്കുന്നു

കൊച്ചി ∙ ദുരിതാശ്വാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റെയിൽവേ വഴിയയച്ച സാധനസാമഗ്രികൾ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിതരണകേന്ദ്രങ്ങളിലെത്തിച്ചു. ഏറ്റെടുക്കുന്ന സാധനങ്ങൾ സപ്ലൈകോ ഗോഡൗൺ, സെൻട്രൽ വെയർഹൗസ്, കളമശേരി ഗോഡൗൺ എന്നിവിടങ്ങളിലാണു സംഭരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ മുഴുവൻ ചരക്കുകളും സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റി.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഓഗസ്റ്റ് 24 മുതൽ 31 വരെ 6309 പാഴ്‌സലുകൾ എത്തിയിട്ടുണ്ട്. സെക്കന്ദരാബാദ്, മുംബൈ,കോർബ, ബെംഗളൂരു, ഡൽഹി, ഡെറാഡൂൺ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് പാഴ്‌സലുകൾ എത്തിയത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഓഗസ്റ്റ് 21 മുതൽ 31 വരെ എത്തിയ 1020 ടൺ സാധനങ്ങൾ വിവിധ ഗോഡൗണുകളിലേക്കു മാറ്റി. 40 ടൺ സാധനങ്ങൾ രണ്ട് വാഗണുകളിലായി വ്യാഴാഴ്ച വൈകുന്നേരം  എത്തിയിട്ടുണ്ട്.  60 ട്രെയിനുകളിലാണ് 1020 ടൺ സാധനങ്ങൾ എത്തിയത്. രാജ്‌കോട്ട്, ഗുജറാത്ത്, മുംൈബ, ഡൽഹി, കൊൽക്കത്ത,ചെന്നൈ, ബെംഗളുരൂ, ഹുബ്ബാലി, വിജയവാഡ എന്നിവിടങ്ങളിൽ നിന്നാണു സാധനങ്ങൾ എത്തിയത്. പൊന്നുരുന്നി മാർഷലിങ് യാഡിൽ 40 ടൺ സാധനങ്ങൾ എത്തി.  നാല് ദിവസം കൊണ്ട് 40 ടൺ സാധനങ്ങളും സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റി. 

സെൻട്രൽ വെയർ ഹൗസിൽ 3421 കിന്റൽ അരി, പരിപ്പ്, പഞ്ചസാര, റവ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണു ശേഖരിച്ചിരിക്കുന്നത്. ഇതിൽ 808 കിന്റൽ ഭക്ഷ്യ വസ്തുക്കൾ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ നൽകി. കളമശ്ശേരി ഷോറൂം സംഭരണ കേന്ദ്രത്തിൽ അൻപതിലധികം ലോഡ് സാധനങ്ങൾ സംഭരിച്ചിട്ടുണ്ട്. സപ്ലൈകോ സംഭരണ കേന്ദ്രത്തിൽ 19 ലോഡ് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ട്. അരി, ബിസ്‌ക്കറ്റ്, കുടിവെള്ളം, പാൽ, ബ്രഷ്, പേസ്റ്റ്, റസ്‌ക്, നൂഡിൽസ്, സ്റ്റീൽ പാത്രങ്ങൾ, സാനിട്ടറി നാപ്കിൻ, ഡയപർ, ജ്യൂസ്, വസ്ത്രങ്ങൾ, ബേബി ഫുഡ്, എണ്ണ, ചെരുപ്പ്, മരുന്നുകൾ, പായ, കമ്പിളി പുതപ്പ്, ബക്കറ്റ്, ഒആർഎസ് ലായനി തുടങ്ങിയവയാണു കൂടുതലായും എത്തുന്നത്. സബ് കലക്ടർ എസ്. ചന്ദ്രശേഖറിനാണ് റെയിൽവെ സ്റ്റേഷനുകളിൽ നിന്നുള്ള സാധനനീക്കത്തിന്റെ ഏകോപന ചുമതല.

related stories