Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎല്‍എമാരെ ഒഴിവാക്കിയ നടപടി: ന്യായീകരിച്ച് കാനം; അവരോടു തന്നെ ചോദിക്കാന്‍ മുഖ്യമന്ത്രി

CPM CPI

കൊച്ചി/തിരുവനന്തപുരം ∙ ചെങ്ങന്നൂര്‍, റാന്നി എംഎൽഎമാരെ നിയമസഭയിലെ പ്രളയക്കെടുതി ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ ന്യായീകരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ടു സാമാജികര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍, റാന്നി, മാനന്തവാടി നിയോജകമണ്ഡലങ്ങളുടെ പ്രതിനിധികള്‍ക്കാണ് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം സിപിഎം നിഷേധിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരസ്യമായി തുറന്നുപറഞ്ഞതാണ് സജി ചെറിയാനും രാജു എബ്രഹാമിനും ഒ.ആർ.കേളുവിനും അവസരം നിഷേധിക്കാനുള്ള കാരണമെന്നാണു സൂചന. വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടമായിരുന്നു.

മൂവരുടെയും പരസ്യപ്രസ്താവനകള്‍ അനാവശ്യമായിരുന്നു എന്ന വിലയിരുത്തലിലാണു സിപിഎം. നിബിഡ വനത്തിലും ഉരുള്‍പ്പൊട്ടിയില്ലേ എന്ന ചില എംഎല്‍എമാരുടെ ചോദ്യം അവരുടെ അജ്ഞത കൊണ്ടാണെന്നും കാനം പറഞ്ഞു. അതെല്ലാം വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍മതി. എല്ലാവരും പരിസ്ഥിതിയെക്കുറിച്ച് ഒരുപോലെ ചിന്തിക്കുമെന്നു പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നാൽപ്പതോളം എംഎൽഎമാർ പ്രളയനിമിഷങ്ങൾ വിവരിച്ച സമ്മേളനത്തിലാണ് അതിന്റെ രൂക്ഷത നേരിട്ടറിഞ്ഞ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ നിശബ്ദരാക്കിയത്. പ്രളയവേളയിൽ സർക്കാരിനെ വിമർശിച്ചതാണു കാരണം. സൈന്യത്തെ വിളിക്കാൻ വൈകുന്നതിനെതിരെ സജി ചെറിയാൻ വിലാപത്തോടെ പൊട്ടിത്തെറിച്ചിരുന്നു. അണക്കെട്ടുകൾ തുറന്നുവിട്ടതു മുന്നറിയിപ്പില്ലാതെയാണെന്നു രാജു ഏബ്രഹാമും ബാണാസുര സാഗർ അണക്കെട്ട് തുറന്നതിനെതിരെ കേളുവും വിമർശനമുന്നയിച്ചിരുന്നു. ഇവരുടെ പ്രതികരണങ്ങളിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലായിരുന്നു. പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുത്തുവെന്ന പരാതിയായിരുന്നു അദ്ദേഹത്തിന്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.