Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണലില്ല, മഴയും: ഒരാഴ്ച കൊണ്ട് പമ്പയിൽ താണത് 30 അടി വെള്ളം; ആശങ്കയോടെ നാട്ടുകാർ

വർഗീസ് സി. തോമസ്
River Pamba മാരാമണില്‍നിന്നുള്ള പമ്പയുടെ ദൃശ്യം

പത്തനംതിട്ട ∙ പമ്പാനദിയിൽ ഒരാഴ്ചകൊണ്ട് ഏകദേശം 30 അടിയോളം വെള്ളം താണു. 12 മീറ്റർ വരെ ഉയർന്ന ജലം വെറും 2.52 മീറ്ററായാണു താണത്. 13ന് പ്രളയത്തിനു തൊട്ടുമുമ്പ് 5.40 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പെന്ന് മാലക്കലയിലെ കേന്ദ്ര ജലവിഭവ കമ്മിഷൻ സ്റ്റേഷനിൽ രേഖപ്പെടുത്തി. 14ന് ഇത് 6.03 മീറ്ററായി. 15ന് 8.32 മീറ്ററായി. 16ന് ഇത് 10.58 മീറ്ററായി. 17ന് വെള്ളം കയറിയതോടെ അളവെടുപ്പു തന്നെ നിലച്ചു.

pampa-water-level പമ്പയില്‍ ജലനിരപ്പ് താഴ്ന്ന നിലയില്‍. അയിരൂര്‍ ചെറുകോല്‍പുഴയില്‍നിന്നുള്ള ദൃശ്യം.

പ്രളയജലത്തെ പിടിച്ചു നിർത്താൻ വേണ്ടത്ര മണൽ നദിയിൽ ഇല്ലാത്തതാണ് ഇതിനൊരു കാരണം. പ്രളയജലത്തിനു നിൽക്കാൻ പാടശേഖരങ്ങളോ ചതുപ്പു നിലങ്ങളോ ഇല്ലാത്തതും വെള്ളം അതിവേഗം ഒഴുകിപ്പോകാൻ കാരണമായി. കടലിൽ വേലിയേറ്റം മാറി വേലിയിറക്കം തുടങ്ങിയതും വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് വേഗത്തിലാക്കി. ഡാമിൽ കെട്ടിനിന്ന വെള്ളമായതിനാൽ ഒഴുകി വന്നത് തെളിഞ്ഞ വെള്ളമായിരുന്നു. ജൈവാംശമോ മണലോ കലരാതെ അതിവേഗം ഒഴുകുന്ന ഈ വെള്ളത്തെ ‘വിശന്നുപായുന്ന ജലം’ (ഹംഗ്രി വാട്ടർ) എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്.

pampa-ayroor പമ്പ അയിരൂരില്‍

ഭൂഗർഭത്തിലേക്ക് ഈ ജലം ഇറങ്ങാറില്ല. നാലു ദിവസമായി മഴ പൂർണമായും നിലച്ചതും ജലനിരപ്പു താഴാൻ കാരണമായി. പമ്പാ നദിയുടെ മധ്യഭാഗത്തുകൂടെ നല്ല ഒഴുക്ക് ഇപ്പോഴും തുടരുന്നു. ഡാം അടയ്ക്കാത്തതാവാം ഇതിനു കാരണമെന്നു കരുതുന്നു. മണിമല, അച്ചൻകോവിൽ, കല്ലട ആറുകളിലും ജലനിരപ്പ് താണു. മണിമലയാറ്റിൽ മാത്രമാണു പൂർണമായും തെളിഞ്ഞ വെള്ളം ഒഴുകുന്നത്. പമ്പയിലെ വെള്ളത്തിന്റെ കലക്കൽ (ടർബിഡിറ്റി) മാറിയിട്ടില്ല. ഇത് ജല അതോറിറ്റി പമ്പിങ്ങിനെയും ബാധിച്ചിട്ടുണ്ട്. 

related stories