ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തൽ. ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ ഒപ്പിടുന്നതിന് മുമ്പ് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദയുടെ കാമുകിയും നടിയുമായ ജൂലി ഗായെയുടെ റോഗ് ഇന്റർനാഷനൽ കമ്പനിയുമായി സിനിമ നിർമിക്കാനുള്ള കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റ് ഒപ്പിട്ടെന്നാണു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. റഫാൽ ഇടപാടിന്റെ അനുബന്ധ കരാർ റിലയന്‍സ് ഡിഫൻസിന് ലഭിച്ചതു സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെയാണു സിനിമാബന്ധം ചർച്ചയാകുന്നത്.
2016 ജനുവരി 24നാണ് റോഗ് ഇന്റർനാഷനലുമായി ചേർന്നുള്ള ഫ്രഞ്ച് സിനിമ നിർമിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം റിലയന്‍സ് നടത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഫ്രാൻസ്വ ഒലോൻദ ഇന്ത്യയിൽ എത്തുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ഇത്. 36 റഫാൽ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം ജനുവരി 26ന് തയാറായിരുന്നെങ്കിലും ‘സാമ്പത്തിക കാരണങ്ങളാൽ’ ഒലോൻദയുടെ സന്ദർശന സമയത്ത് ഒപ്പിട്ടില്ല.
ഇതിനിടെ, ‘ടു ദി ടോപ്പ്’ എന്ന പേരിട്ട ചിത്രം 2017 ഡിസംബർ 20ന് ഫ്രാൻസിൽ റിലീസ് ചെയ്തു. ഫ്രഞ്ച് നടനും സംവിധായകനുമായ സെർജി ഹസനാവിസാണ് ചിത്രം ഒരുക്കിയത്. ഇതുവരെ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ല. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് എയ്റോസ്പേസും റിലയൻസും ചേർന്നുള്ള കമ്പനിയായ ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ നാഗ്പൂരിലുള്ള നിർമാണ യുണിറ്റിന് തറക്കല്ലിട്ട് എട്ട് ആഴ്ചകൾക്കു ശേഷമായിരുന്നു സിനിമയുടെ റിലീസ്.
ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. റിലയൻസിന് 51 ശതമാനവും ഡസോൾട്ടിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ്.
ഒലോൻദ അധികാരത്തിലിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിൽ റഫാൽ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പിട്ടത്. ഡസോൾട്ടും റിലയൻസും ചേർന്ന് ഇന്ത്യയിൽ സംയുക്ത സംരംഭം സംബന്ധിച്ച ആദ്യ പ്രഖ്യാപനം വന്നതും ഇതേ സമയത്തായിരുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് 30,000 കോടിയുടെ അനുബന്ധ കരാർ അനിൽ അംബാനിയുടെ കമ്പനിക്ക് ലഭിച്ചത്. സിനിമാ നിർമാണത്തെക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് തയാറായില്ലെന്നാണ് റിപ്പോർട്ട്.