Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാപ്രളയത്തിലും ഒലിച്ചുപോയില്ല; പമ്പയിലെ ത്രിവേണി പാലം കണ്ടെത്തി

pamba-river പമ്പാ ത്രിവേണി പാലം വീണ്ടെടുത്തു കന്നിമാസ പൂജയ്ക്ക് ശബരിമല തീർഥാടകർക്കു വഴിയൊരുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

ശബരിമല ∙ മഹാപ്രളയത്തിൽ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. അയ്യപ്പ ഭക്തരുടെ യാത്രയ്ക്കു തടസ്സമായി ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാൻ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. വെള്ളപ്പൊക്കത്തിൽ കുത്തിയൊലിച്ചുവന്ന കല്ലും  മണ്ണും അഞ്ചര മീറ്റർ വരെ ഉയരത്തിൽ അടിഞ്ഞുകൂടി പണ്ടു നദി ഒഴുകിയിരുന്ന സ്ഥാനം മുഴുവൻ കരയായി മാറിയിരുന്നു. അതിനാൽ ത്രിവേണിയിലെ പാലം ഒലിച്ചു പോയതായാണ് ദേവസ്വം ബോർഡ് ഉൾപ്പെടെ എല്ലാവരും കരുതിയിരുന്നത്. 

അഞ്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാലത്തിന്റെ കൈവരി കണ്ടത്. കേടുപാടുകൾ ഉണ്ടാകാത്ത വിധത്തിൽ മണ്ണു നീക്കി ആദ്യം പാലം തെളിച്ചെടുത്തു. വേരുകളും മണ്ണും അടിഞ്ഞു കിടന്നതിനാൽ ഏറെ പണിപ്പെട്ടാണ് പാലം പുറത്തെടുത്തത്. പമ്പ, കക്കി എന്നീ നദികൾ ത്രിവേണി പാലത്തിനു മുകളിലാണു നേരത്തേ സംഗമിച്ചിരുന്നത്. കക്കിയാറ്റിലൂടെ ഒഴുകി വന്ന കല്ലും മണ്ണും രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിൽ മൺതിട്ട തീർത്തതിനാൽ പമ്പാനദിക്കു നേരെ ഒഴുകാൻ കഴിയാതെയാണു ഗതിമാറിയത്.

ത്രിവേണി നടപ്പാലത്തിനു താഴെയായിട്ടാണ് ഇപ്പോൾ പമ്പയും കക്കിയാറും സംഗമിക്കുന്നത്. ചാലുവെട്ടി പാലത്തിന്റെ രണ്ട് തൂണുകൾക്കിടയിലൂടെ  കക്കിയാറ്റിലെ വെളളം വൈകിട്ടോടെ തിരിച്ചു വിടാൻ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം  വടം കെട്ടിയാൽ അതിൽ പിടിച്ച് അയ്യപ്പന്മാർക്ക്  ഒരുഭാഗത്ത് മറുകര കടക്കാൻ കഴിയുന്ന വിധമായിട്ടുണ്ട്. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയ ഭാഗത്തുകൂടി തിരിച്ചു വിടാൻ കഴിഞ്ഞാലേ ബുദ്ധിമുട്ടില്ലാതെ അയ്യപ്പന്മാർക്ക്  സന്നിധാനത്തേക്കു പോകാൻ സാധിക്കു. 

related stories