Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവചനം കൃത്യം, മുന്നറിയിപ്പ് രേഖാമൂലം നല്‍കി: മുഖ്യമന്ത്രിയെ തള്ളി കാലാവസ്ഥാ കേന്ദ്രം

Pinarayi_Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ∙ കേരളത്തിലെ പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രവചനം കൃത്യമായിരുന്നെന്നും മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പിന്നീട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദീകരണക്കുറിപ്പും പുറത്തിറക്കി.

sdma5

വിശദീകരണക്കുറിപ്പിൽ നിന്ന്: ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ഓഫിസ് വഴി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതുകൂടാതെ വൈബ്സൈറ്റില്‍ എല്ലാദിവസവും വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ജില്ലകളില്‍ ലഭിക്കാവുന്ന മഴയുടെ വിവരങ്ങളും ‘കളര്‍ കോഡ് അലര്‍ട്ടിന്റെ’ (ഓറഞ്ച്, റെഡ് മുന്നറിയിപ്പുകള്‍) വിവരങ്ങളും ഇങ്ങനെ നല്‍കിയിരുന്നു. ഡോപ്ലര്‍ വെതര്‍ റഡാര്‍ ഉപയോഗിച്ചുള്ള ‘നൗ കാസ്റ്റ് ’ കാലാവസ്ഥാ വിവരങ്ങള്‍ (മുന്നറിയിപ്പ് സന്ദേശം ഇറക്കുന്നതു മുതല്‍ അടുത്ത മൂന്നു മണിക്കൂര്‍ നേരത്തേക്കുള്ളത്) ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കിയിരുന്നു.

sdmas6

അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പും അനുബന്ധമായി രണ്ടു ദിവസത്തേക്കുള്ള മുന്നറിയിപ്പുകളും ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ദുരന്ത നിവാരണ അതോറിറ്റി, നേവി, സ്പെഷല്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കി. ഓഗസ്റ്റ് ഒന്‍പതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാലാവസ്ഥാ സാഹചര്യങ്ങളും കനത്ത മഴയ്ക്കുള്ള സാഹചര്യവും വ്യക്തമാക്കി. ഇതു കൂടാതെ അഡി. ചീഫ് സെക്രട്ടറിയെ (റവന്യൂ) എല്ലാ സാഹചര്യത്തിലും ഫോണിലൂടെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ഓഗസ്റ്റ് 10ന് കാര്യങ്ങള്‍ ധരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം കലക്ടര്‍മാരെ ഓഗസ്റ്റ് 14ന് കാലാവസ്ഥാ സംബന്ധമായ വിശദവിവരങ്ങള്‍ അറിയിച്ചു.

sdma4

ഓഗസ്റ്റ് എട്ടിനു ബാധകമാകുന്ന ഓറഞ്ച് മുന്നറിയിപ്പ് (മുന്‍കരുതല്‍ അറിയിപ്പ്) ഓഗസ്റ്റ് ആറിനും റെഡ്അലര്‍ട്ട് ഓഗസ്റ്റ് ഒന്‍പതിനും നല്‍കി. 14ന് ബാധകമാകുന്ന രീതിയില്‍ പത്താം തിയതി തന്നെ ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും വയനാട് ജില്ലയ്ക്ക് റെഡ് അലര്‍ട്ടും നല്‍കി. വളരെ ശക്തമായ മഴ പെയ്യാന്‍ സാഹചര്യമുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. 11ന് ശക്തമായതും വളരെ ശക്തമായതുമായ മഴ. 15 വരെ ഇടുക്കി, വയനാട് ജില്ലകളില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു ഓറഞ്ച് അലര്‍ട്ട് നല്‍കി. 14 മുതല്‍ ബാധകമാകുന്ന രീതിയില്‍ ഓഗസ്റ്റ് 12ന് ഇടുക്കിക്ക് റെഡ് അലര്‍ട്ട് നല്‍കി.

sdma3

14, 15 ദിവസങ്ങളില്‍ ബാധകമാകുന്ന രീതിയില്‍ 14ന് വീണ്ടും അലര്‍ട്ട് നല്‍കി. കേരളത്തിലെ ഒട്ടു മിക്ക ജില്ലകള്‍ക്കും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമാണ് നല്‍കിയത്. ഓഗസ്റ്റ് 16ന് ബാധകമാകുന്ന രീതിയില്‍ 15ന് അതിതീവ്രമഴയുടെ മുന്നറിയിപ്പ്. എല്ലാ ജില്ലകള്‍ക്കും റെഡ് അലര്‍ട്ട്. ഇതേദിവസം തന്നെ 17 വരെ ഏഴു ജില്ലകള്‍ക്ക് റെഡ് അലര്‍ട്ടും നല്‍കി. റെഡ് അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന ഉയര്‍ന്ന മുന്നറിയിപ്പ്. അതിനു മുകളില്‍ മുന്നറിയിപ്പുകളില്ല. ഓരോ ഘട്ടത്തിലും മഴ ശക്തമാകുന്നതിന് രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

sdma

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയുമ്പോഴാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച വന്നതായി മുഖ്യമന്ത്രി ആരോപിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ:
‘കാലാവസ്ഥാ വകുപ്പിനെ കുറ്റം പറയുന്നതല്ല. അവര്‍ക്ക് അതിശക്തമായ മഴ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള അനുഭവം വച്ച് കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു. മാത്രമല്ല അത്തരം ന്യൂനതകള്‍ കാരണം ഗണ്യമായ പിശകുകള്‍ ഉണ്ടായതായാണ് നമ്മുടെ (കേരളത്തിന്റെ) അനുഭവം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് ശക്തമായ മഴ (ഹെവി റെയിന്‍ഫാള്‍) ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെയാണ്. ഇതിനു പുറമേ അതിശക്തമായ മഴയുണ്ട്. അത് 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയാണ്. അതും കഴിഞ്ഞൊരു മഴയുണ്ട്, അതിതീവ്രമായ മഴ. 20 സെന്റിമീറ്ററില്‍ അധികമുള്ള മഴയാണ്.

അതിതീവ്രമഴയെന്ന മുന്നറിയിപ്പ് ഓഗസ്റ്റ് മാസത്തിലൊന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല. അങ്ങനെയൊരു മുന്നറിയിപ്പേ നമുക്ക് ഉണ്ടായിരുന്നില്ല. ഇനി ഉണ്ടായ പ്രവചനങ്ങള്‍ എന്താണെന്ന് നോക്കാം. ഓഗസ്റ്റ് ഒന്നു മുതല്‍ എട്ടുവരെ ശക്തമായ മഴയുടെ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ഓഗസ്റ്റ് എട്ടുമുതല്‍ ശക്തമായ മഴയുടേയും അതിശക്തമായ മഴയുടേയും സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ഒന്‍പതു മുതല്‍ 15 വരെ ദീര്‍ഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85 സെന്റിമീറ്ററായിരുന്നു. പക്ഷേ പെയ്തത് 35.22 സെന്റിമീറ്റര്‍ മഴയാണ്. അതായത് അതിശക്തമായ മഴയുടെ സ്ഥാനത്ത് അതിതീവ്രമഴയാണ് പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ വരുന്ന അപാകതയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.