Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവ് കുറയ്ക്കാൻ മാർഗമില്ല; കെഎസ്ആർടിസി 143 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു

KSRTC

തിരുവനന്തപുരം∙ നഷ്ടത്തില്‍നിന്നു കരകയറാന്‍ കടുത്തനടപടി തുടരുന്ന കെഎസ്ആര്‍ടിസി‌ 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനമില്ലാത്ത 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണു കൂട്ടപ്പിരിച്ചുവിടല്‍. ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിച്ചതോടെ ജോലിയില്ലാതായതുകൊണ്ടാണ് ഇവരെ ഒഴിവാക്കുന്നതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

പാപ്പനംകോട്, ആലുവ, എടപ്പാള്‍ ഉള്‍പ്പടെ ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പുകളില്‍ ഉണ്ടായിരുന്ന 134 വെല്‍ഡിങ് ജോലിക്കാരെയും ഒന്‍പത് അപ്പോള്‍സ്റ്ററി ജോലിക്കാരെയുമാണു പിരിച്ചുവിട്ടത്. പത്തുവര്‍ഷമായി ജോലി ചെയ്യുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചെലവു കുറയ്ക്കാന്‍ ഇതല്ലാതെ േവറെ മാര്‍ഗമില്ലെന്നാണു വിശദീകരണം. ഇവരെ ഒഴിവാക്കിയാല്‍ ശമ്പള ഇനത്തില്‍ മാസം ഇരുപത് ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.

ഇവരില്‍ യോഗ്യരായവരെ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും പുനര്‍ നിയമിക്കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. പക്ഷെ ഡ്രൈവറാകാന്‍ 99 ശതമാനം പേര്‍ക്കും ഹെവി ലൈസന്‍സില്ല. പിഎസ്‌സി അഡ്വൈസ് മെമ്മോ കിട്ടിയവരെപ്പോലും കണ്ടക്ടറായി നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവരെ കണ്ടക്ടറാക്കുകയും എളുപ്പമല്ല. സര്‍ക്കാരില്‍നിന്ന് ഇനി കാര്യമായ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചെലവു കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയുടെ അറ്റകൈ പ്രയോഗം. നേരത്തെ ഡീസല്‍ ഉപയോഗം ഇരുപത് ശതമാനം കുറയ്ക്കുകയും പലയിടത്തും നാല്‍പതുശതമാനം വരെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.

related stories