Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴസാധ്യത അറിയിക്കുന്ന റഡാറുകൾ മുടങ്ങി; മുന്നറിയിപ്പു നൽകുന്നതിൽ ഗുരുതരവീഴ്ച

weather-rain

തിരുവനന്തപുരം∙ കേരളത്തിൽ പ്രളയ മുന്നറിയിപ്പുകൾ നൽകുന്നതിൽ കാലാവസ്ഥാവകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായി രേഖകൾ. അതിശക്തമായ മഴ തുടങ്ങിയ ഓഗസ്റ്റ് എട്ടിനും ഒൻപതിനും കാലാവസ്ഥാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡോപ്ലർ റഡാറുകൾ പ്രവർത്തിച്ചില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പരാതി നൽകിയിട്ടും അടിയന്തര നടപടിയുണ്ടായില്ല. പിന്നീടു ദേശീയദുരന്തനിവാരണ അതോറിറ്റി ഇടപെട്ടതിനെത്തുടർന്നു പത്തിനാണു രണ്ടു റഡാറുകളും ശരിയാക്കിയത്..

അന്തരീക്ഷസ്ഥിതിയും മഴസാധ്യതയും കൃത്യമായി വിലയിരുത്തുന്നത് ഡോപ്ലർ റഡാറുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കാലാവസ്ഥാവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഈ വിവരങ്ങളെയാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡാമുകൾ തുറക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകളെടുക്കാൻ ആശ്രയിക്കുന്നത്.

കൊച്ചിയിലെ ഡോപ്ലർ റഡാർ രണ്ടു മുതൽ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. ഇതിനു പകരം തിരുവനന്തപുരത്തെ റഡാറിൽനിന്നുള്ള വിവരങ്ങളാണ് അതോറിറ്റി ആശ്രയിച്ചത്. എട്ടിനു തിരുവനന്തപുരത്തെ റഡാറും പണിമുടക്കി. ഇതോടെ അതോറിറ്റി കാലാവസ്ഥാവകുപ്പ് ഡയറക്ടർ ജനറലിനു പരാതി നൽകി. കൊച്ചിയിലെ റഡാറിനു സാങ്കേതികത്തകരാറുണ്ടെന്നു സമ്മതിച്ച ഐഎംഡി തിരുവനന്തപുരത്തെ റഡാർ പ്രവർത്തിക്കുന്നുണ്ടെന്നു മറുപടി നൽകി. എന്നാൽ, ഇതു തെറ്റാണെന്നു റഡാറിന്റെ തൽസമയ ചിത്രം സഹിതം സംസ്ഥാന അതോറിറ്റി അറിയിച്ചതോടെയാണു ദേശീയ ദുരന്തനിവാരണ അതോറിറ്റി ഇടപെട്ട് തകരാർ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകിയത്.

പത്തിന് ഉച്ചയ്ക്ക് 3.55നാണു രണ്ടു റഡാറുകളും കൃത്യമായി പ്രവർത്തിച്ചു തുടങ്ങിയതായി കാലാവസ്ഥാവകുപ്പ് അറിയിച്ചത്. അപ്പോഴേക്കും കേരളത്തിൽ കനത്ത മഴ തുടങ്ങിയിരുന്നു.

അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിലും വീഴ്ച

തിരുവനന്തപുരം∙ അതിതീവ്ര മഴയെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിലും കാലാവസ്ഥാവകുപ്പിനു വീഴ്ച പറ്റി. ഓഗസ്റ്റിൽ കേരളത്തിൽ പലയിടത്തും അതിതീവ്രമഴ (24 മണിക്കൂറിൽ 20 സെന്റിമീറ്ററിനു മുകളിൽ) പെയ്തെങ്കിലും മുന്നറിയിപ്പ് 15നു മാത്രമായിരുന്നു. കനത്ത മഴ പെയ്തു തുടങ്ങിയശേഷം അന്നു രാവിലെയാണ് അറിയിപ്പുണ്ടായത്.

വയനാട്, ഇടുക്കി ജില്ലകളിൽ മാത്രം അതിതീവ്രമഴ പെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, വയനാട്ടിൽ അന്നത്തെ മഴ അതിതീവ്രമായില്ല. ഇടുക്കിയിൽ പീരുമേട്ടിൽ മാത്രമാണ് 27 സെന്റിമീറ്റർ മഴ പെയ്തത്. കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നിലമ്പൂരിലാണ്– ഓഗസ്റ്റ് ഒൻപതിന് 39.8 സെമി. പീരുമേട്ടിൽ 16ന് 34.9 സെമി മഴ പെയ്തു. രണ്ടിടത്തും മുന്നറിയിപ്പുണ്ടായിരുന്നില്ല.

മലപ്പുറത്തെ കരിപ്പൂർ, മാനന്തവാടി, തൃശൂരിലെ വടക്കാഞ്ചേരി ഉൾപ്പെടെയുള്ള അതിതീവ്രമഴ പെയ്തയി‌‌ടങ്ങളിലൊന്നും മുന്നറിയിപ്പുണ്ടായില്ല.

പ്രളയം അണക്കെട്ടു തുറന്നതു കൊണ്ടല്ല: മന്ത്രി മാത്യു ടി.തോമസ്

തിരുവനന്തപുരം∙ തന്റെ വകുപ്പിനു കീഴിലുള്ള അണക്കെട്ടുകളൊന്നും പ്രളയത്തിനു കാരണമായിട്ടില്ലെങ്കിലും നിയമസഭയ്ക്കകത്തും പുറത്തും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതു ദുരുപദിഷ്ടമാണെന്നു ജലവിഭവ മന്ത്രി മാത്യു ടി.തോമസ്. പ്രളയം ഡാമുകൾ തുറന്നുവിട്ടതു കൊണ്ടാണെന്നതിനോടു യോജിക്കുന്നില്ല.

’99ലെ വെള്ള പ്പൊക്കത്തിന് സമാനമായ അതിതീവ്രമഴയാണ് പ്രളയമുണ്ടാക്കിയത്. ജലവിഭവ വകുപ്പിനു കീഴിലുള്ളതു 16 ഡാമുകളാണ്. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണ് ഇവയിൽ സംഭരിക്കാൻ കഴിയുന്നത്. ഇത്രയും ചെറിയ ശതമാനം ജലമാണു കേരളത്തിലെ പ്രളയം സൃഷ്ടിച്ചതെന്ന പ്രചാരണം പുകമറയാണ്. മാത്രമല്ല, ഈ ഡാമുകളിൽ മിക്കതും ജൂൺ, ജൂലൈ മാസങ്ങളിൽത്തന്നെ തുറന്നിരുന്നു. – മന്ത്രി പറഞ്ഞു.

related stories