സൈന്യത്തോട് ‘ഒരുങ്ങിയിരിക്കാൻ’ ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ആയത്തുല്ല അലി ഖമനയി (ഫയൽ ചിത്രം)

ടെഹ്റാൻ∙ ആണവകരാറിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിനു  പിന്നാലെ, യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പു നൽകി ഇറാൻ. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് നിലവിൽ സാധ്യതയില്ല, എന്നാൽ എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാനാണു രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് ആയത്തുല്ലയുടെ ആഹ്വാനം. ഇതോടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും പശ്ചിമേഷ്യ യുദ്ധഭീതിയുടെ നിഴലിലേക്കു നീങ്ങുകയാണ്. 

ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ‘ഒരുങ്ങിയിരിക്കാൻ’ സൈന്യത്തിനോട് ആയത്തുല്ല ആഹ്വാനം ചെയ്തത്. ആൾബലവും ആയുധവിന്യാസവും കൂടുതൽ കരുത്തുറ്റതാക്കാനുള്ള നിർദേശവുമുണ്ട്. വ്യോമസേനയോടാണ് ഇക്കാര്യത്തിൽ പ്രത്യേക ആഹ്വാനം. എതിരാളികളെ നേരിടുന്നതിൽ മുൻപന്തിയിലുള്ളത് വ്യോമസേനയാണ്. അതിനാൽ ഏതു സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങളും തയാറെടുപ്പും അവർക്കുണ്ടായിരിക്കണം– ഇറാന്റെ വ്യോമ പ്രതിരോധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ ആയത്തുല്ല വ്യക്തമാക്കി. 

ബാലിസ്റ്റിക്, ക്രൂസ് മിസൈൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാനെന്നു കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും വാങ്ങാനും നീക്കമുണ്ട്. ആണവകരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തെത്തുടർന്ന് ഇറാനെതിരെ രാജ്യാന്തര ഉപരോധവും സമ്മർദവും ശക്തമായ സാഹചര്യത്തിലായിരുന്നു ഇത്.

ഭാവിയിൽ ഇറാൻ നടത്താനുദ്ദേശിക്കുന്ന ആണവപരീക്ഷണങ്ങൾക്കു മുന്നോടിയായി ചർച്ചയാകാമെന്ന ഫ്രഞ്ച് നിർദേശം കഴിഞ്ഞദിവസം രാജ്യം തള്ളിയിരുന്നു. ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കൽ, സിറിയ– യെമൻ യുദ്ധങ്ങളിലെ ഇടപെടൽ എന്നീ കാര്യങ്ങളിലും കൂടിയാലോചനയ്ക്ക് ഫ്രാൻസ് ക്ഷണിച്ചെങ്കിലും ഇറാൻ തള്ളിക്കളഞ്ഞു. 

ഇറാന്റെ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കുന്നതെന്ന് കഴിഞ്ഞ മാസം ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കിയിരുന്നു. യുഎസ് കരാറിൽ നിന്നു പിന്മാറിയതിനെത്തുടർന്ന് രാജ്യത്തിനുണ്ടായ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാര പാക്കേജ് നൽകണമെന്ന് യൂറോപ്യൻ രാജ്യങ്ങളോടും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ഉപരോധമുണ്ടായിട്ടും യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് സഹായകരമായ നടപടികളൊന്നുമുണ്ടായില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുൻ വിദേശകാര്യമന്ത്രി കമാൽ ഖരാസിയും മുന്നറിയിപ്പു നൽകിയിരുന്നു. യുഎസ് ഉപരോധത്തെ മറികടക്കാൻ സഹായിക്കുന്നതരം സാമ്പത്തിക പാക്കേജ് യൂറോപ്പ് പ്രഖ്യാപിച്ചാൽ മാത്രം 2015ലെ ആണവ കരാറിൽ തുടരാമെന്ന നിലപാടിലാണ് ഇറാൻ.