Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വിഡിയോകൾ; യുവമോർച്ച ഭാരവാഹി അറസ്റ്റിൽ

Representative Image പ്രതീകാത്മക ചിത്രം.

പഞ്ച്കുല (ഹരിയാന)∙ വാട്സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവമോർച്ച ഭാരവാഹി അറസ്റ്റിൽ. ഹരിയാന യുവമോർച്ച ഉപാധ്യക്ഷൻ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. സംഭവം വിവാദമായതിനു പിന്നാലെ ഇയാളെ പദവിയിൽനിന്നു പുറത്താക്കിയതായി ബിജെപി അറിയിച്ചു.

ഹരിയാന പ്രദേശ് മഹിള കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് രഞ്ജീത മേത്തയുടെ പരാതിയെ തുടർന്നാണ് അമിത് ഗുപ്തയെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരുള്ള വാട്സാപ് ഗ്രൂപ്പിലേക്ക് 65 ഓളം അശ്ലീല വിഡിയോകൾ അമിത് അയച്ചെന്നാണു രഞ്ജീതയുടെ പരാതി. ഓഗസ്റ്റ് 29, 30 തീയതികളിലായിരുന്നു സംഭവം.

പരാതി അന്വേഷിച്ച പൊലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ചു വർഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇൻസ്പെക്ടർ അരവിന്ദ് കുമാർ പറഞ്ഞു. വിഡിയോയെ പറ്റി സൈബർ ക്രൈം സെല്ലും അന്വേഷിക്കും.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പഞ്ച്കുല ബിജെപി അധ്യക്ഷൻ ദീപക് ശർമ, യുവമോർച്ച ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഗുപ്തയെ നീക്കിയതായി അറിയിച്ചു. ‘ഒരു കല്യാണത്തിൽ പങ്കെടുക്കാനായി പോയ അമിത്, സുഹൃത്തുക്കളുടെ കയ്യിൽ ഫോൺ നൽകിയിരുന്നു. അബദ്ധവശാൽ ഫോണിൽനിന്ന് വാട്സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു’– സംഭവത്തെപ്പറ്റി ദീപക് ശർമ പറഞ്ഞു.