Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി ബാധിച്ച് ഞായറാഴ്ച മരിച്ചത് പത്ത് പേർ; മൂന്നു ദിവസത്തിനിടെ 31 മരണം

leptospirosis പ്രതീകാത്മക ചിത്രം (കടപ്പാട്: ട്വിറ്റർ)

കോഴിക്കോട്∙ പ്രളയത്തിനു പിന്നാലെ പകർച്ചവ്യാധി ഭീഷണിയിൽ കേരളം. എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഞായറാഴ്ച പത്ത് പേർ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരണം 31 ആയി. കോഴിക്കോട് നാല്, എറണാകുളത്ത് രണ്ട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിൽ ഓരോ ആൾക്കാരുമാണ് മരിച്ചത്.

മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയിൽ സുമേഷ്, വടകര കുട്ടോത്ത് സ്വദേശി ഉജേഷ്, കല്ലായി സ്വദേശി രവി എന്നിവരാണു കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂർ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (48),പറവൂർ സ്വദേശി ആംബ്രോസ് എന്നിവരാണു മരിച്ചത്. കുടുംബശ്രീ പ്രവർത്തകരോടൊപ്പം കൂവപ്പടി, നെടുമ്പാശേരി മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കുമാരി. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പാലക്കാട് മുണ്ടൂർ എഴക്കാട് എലിപ്പനി ബാധിച്ച് വനിത മരിച്ചു. എഴക്കാട് ചെമ്പക്കര നിർമല (50) ആണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പൻ ചെട്ടിയാർ (67), ചാലക്കുടി വെള്ളിക്കുളങ്ങരയിൽ സുരേഷ് (36) എന്നിവരും പനി ബാധിച്ചു മരിച്ചു. മലപ്പുറത്ത് ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി(44)യാണു മരിച്ചത്.

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച മാത്രം ഒൻപതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ചികിൽസ പ്രോട്ടോക്കോൾ പുറത്തിറക്കി. രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നിർബന്ധമായും ആഴ്ചയിലൊരിക്കൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവർ ഈ ആഴ്ചയും കഴിക്കണം.

രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികിൽസയും സാംപിൾ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം മൂർച്ഛിക്കുന്നവർക്കായി താലൂക്ക് ആശുപത്രിതലം മുതൽ പെനിസിലിൻ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവർത്തകർക്കു മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

related stories