Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമേഖലകളിൽ നിർമാണ നിയന്ത്രണം വേണം: പരിസ്ഥിതി വകുപ്പ് ആസൂത്രണ ബോർഡിനോട്

വർഗീസ് സി. തോമസ്
kerala-flood എറണാകുളത്തെ പ്രളയക്കാഴ്ച. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

പത്തനംതിട്ട∙ നദികളുടെ ഇരുകരകളിലും ജലാശയങ്ങളുടെയും തോടുകളുടെയും പ്രളയപരിധിയിലുമുള്ള നിർമിതികൾക്കു കർശന നിയന്ത്രണം വേണമെന്നു സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ ശുപാർശ. കേരളത്തെ മുക്കിയ മഹാപ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആസൂത്രണ ബോർഡിനു നൽകിയ ശുപാർശകളിലാണു കേരളത്തിന്റെ പരിസ്‌ഥിതി വീണ്ടെടുക്കുന്ന നിർദേശങ്ങൾ.

റിവർ മാനേജ്‌മെന്റ് സെല്ലിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ പക്കലുള്ള രേഖകൾ കൂടി ഉപയോഗിച്ചാൽ പ്രളയമേഖലകൾ അടയാളപ്പെടുത്താനാവുമെന്നു ഡയറക്‌ടറേറ്റ് ശുപാർശ ചെയ്‌തു. പ്രളയജലം എത്തുന്ന സ്‌ഥലങ്ങളിൽ നിലവിലുള്ള എല്ലാ സ്‌ഥാപനങ്ങളും നിർബന്ധ ഇൻഷുറൻസ് എടുക്കണം.

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ സംസ്‌ഥാനത്തു ഭൂവിനിയോഗ രീതിയിൽ വന്ന മാറ്റങ്ങളെപ്പറ്റി പഠിക്കാനും വകുപ്പ് ആലോചിക്കുന്നു. ഇതിനായി വിവിധ വകുപ്പുകളുടെ കർമസമിതി രൂപീകരിക്കും. വൃഷ്‌ടി പ്രദേശങ്ങളിലെ മഴക്കാടുകളുടെ സ്‌ഥിതിയും പശ്‌ചിമഘട്ടത്തിലും ഇടനാടൻ പ്രദേശങ്ങളിലും സസ്യമേലാപ്പിൽ വന്ന കുറവും പഠനവിധേയമാക്കും. ഇതിന്റെ അടിസ്‌ഥാനത്തിൽ നദീതീരത്തെ പഴയ ഹരിതമേഖലകൾ പുനസൃഷ്‌ടിക്കണമെന്നാണു ശുപാർശ. നീർത്തടങ്ങളുടെ വിസ്‌തൃതി കുറഞ്ഞതിനാൽ മണ്ണിനു സംഭവിച്ച ശോഷണവും കണ്ടെത്തും. വ്യാപകമായ നിലം നികത്തലിനെ തുടർന്നു മണ്ണിന് എത്രത്തോളം ജലആഗീരണ ശേഷി കുറഞ്ഞു എന്നു കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കും. മണ്ണിന്റെ ജൈവാംശം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കും. വെള്ളത്തെ പിടിച്ചു നിർത്താൻ ഇത് ആവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്നാണിത്.

തീരദേശ അതോറിറ്റി, കാലാവസ്‌ഥാമാറ്റ ഡയറക്‌ടറേറ്റ്, തണ്ണീർത്തട അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികൾ ചേർന്നാവും കർമ പദ്ധതിക്കു രൂപം നൽകുക. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്‌ഥലങ്ങളിൽ മനുഷ്യന്റെ ഇടപെടൽ നിയന്ത്രിക്കും. ഇവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയാണു മറ്റൊരു നടപടി. നീർത്തട ഡേറ്റ ഉൾപ്പെടെ പരിസ്‌ഥിതി പാലനത്തിനാവശ്യമായ എല്ലാ നയരേഖകളും ഉടൻ തന്നെ പൂർത്തിയാക്കി ശക്‌തമായ നടപടിയിലേക്കു കടക്കണം.

കാലാവസ്ഥാ മാറ്റം: സംസ്ഥാന കർമ പദ്ധതി പുതുക്കണം

കാലാവസ്‌ഥാമാറ്റത്തെ നേരിടാൻ അഞ്ചു വർഷം മുമ്പ് തയാറാക്കിയ കർമ പദ്ധതി മഹാപ്രളയത്തിന്റെ പശ്‌ചാതലത്തിൽ പുതുക്കാൻ ആസൂത്രണ ബോർഡിനോടു പരിസ്ഥിതി – കാലാവസ്ഥാ മാറ്റ ഡയറക്ടറേറ്റ്. സംസ്‌ഥാന പരിസ്‌ഥിതി – കാലാവസ്‌ഥാ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ വകുപ്പുകളെയും ഉൾപ്പെടുത്തിയാവും പദ്ധതിരേഖയിൽ വേണ്ട കാലോചിതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുക.

ഇടുക്കി ജില്ലയിൽ മൂന്നുകോടി രൂപ ചെലവിൽ സംസ്‌ഥാന കാലാവസ്‌ഥാ മാറ്റ ഡയറക്‌ടറേറ്റ് സ്‌ഥാപിക്കാൻ പോകുന്ന 50 ഓട്ടോമാറ്റിക് കാലാവസ്‌ഥാ നിരീക്ഷണ സംവിധാനം സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും ആലോചിക്കുന്നു. ഇതിനായി ദേശീയ കാലാവസ്‌ഥാ മാറ്റ താദാത്മ്യവൽക്കരണ (അഡാപ്‌റ്റേഷൻ) ഫണ്ടിൽനിന്നു തുക ലഭ്യമാക്കാനാണു സംസ്‌ഥാനത്തിന്റെ ശ്രമം. കാലാവസ്‌ഥാ വിവരങ്ങളുടെ അഭാവം സംസ്‌ഥാനത്തിന്റെ ആസൂത്രണത്തെ ബാധിക്കുന്നു എന്ന അനുഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ നീക്കം.

പ്രളയജലം എത്തിയ സ്‌ഥലങ്ങൾ ഭാവി ആസൂത്രണത്തിനായി അടയാളപ്പെടുത്തുന്നതിനു സംസ്‌ഥാനത്തെ വിദ്യാലയങ്ങളിലുള്ള ഭൂമിത്ര സേനയുടെ സഹായം തേടും.

related stories