Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിൽ, ബിജെപിക്ക് തിരിച്ചടി

Polling booth കർണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതിനെ തുടർന്ന് ആഹ്ലാദപ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ.

ബെംഗളുരു∙ കർണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നേറ്റം. ഫലം അറിവായ 2628 സീറ്റുകളിൽ 988 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബിജെപി 929 സീറ്റു നേടിയപ്പോൾ, സംസ്ഥാന സർക്കാരിൽ കോൺഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദൾ (എസ്) 378 സീറ്റു നേടി മൂന്നാമതുണ്ട്. ചെറു പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും ചേർന്ന് മറ്റു സീറ്റുകളും സ്വന്തമാക്കി.

തിരഞ്ഞെടുപ്പിൽ വിജയിച്ചതായും ബിജെപിയെ അകറ്റി നിർത്താൻ ജെഡിയുവും കോൺഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്്ക്കാൻ സാധിച്ചില്ലെന്ന് ബിജെപി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ഫലം പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയിൽ 21 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ടൗൺ പഞ്ചായത്തുകളിലാണ് കോൺഗ്രസ് കൂടുതൽ മുന്നേറ്റം നടത്തിയത്. അതേസമയം, കോർപറേഷനുകളിൽ ബിജെപി ലീഡ് നിലനിർത്തി മുന്നേറുന്നതായിരുന്നു കാഴ്ച.

കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മൽസരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളിൽ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളിൽ തൂക്കുസഭയ്ക്കു സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെയെല്ലാം കോൺഗ്രസ് – ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത. നഗരപ്രദേശങ്ങൾ പൊതുവെ ബിജെപി ശക്തികേന്ദ്രങ്ങളായതിനാൽ, പകുതി സീറ്റു പിടിച്ചാൽപോലും അതു നേട്ടമാണെന്നാണ് കോൺഗ്രസ് – ജെഡിഎസ് വിലയിരുത്തൽ.

സെപ്റ്റംബറിൽ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാൽ നഗർ, വിരാജ്പേട്ട്, സോമവാർപേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോർപറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണു നടന്നത്. ആകെ 8340 സ്ഥാനാർഥികളാണു ജനവിധി തേടിയത്.