പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ്; യുവാവിനെതിരെ വ്യാപക പ്രതിഷേധം

കൊടുങ്ങല്ലൂർ ∙ അപകടത്തില്‍ പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ചു ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നത്.

ഡോക്ടര്‍ വിലക്കിയിട്ടും ഇയാൾ ലൈവ് തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്നു കണ്ടെത്തി. കേരളം നെഞ്ചേറ്റിയ ഹനാന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്‍റെ ദൃശ്യങ്ങളാണ് ഇയാൾ ഫെയ്സ്ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.

ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളിൽ കാണാം. പ്രാഥമിക ചികിൽസ നടക്കുന്നതിനിടയിലാണ് ഇയാൾ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാൾ ലൈവിൽ പറയുന്നത്. ഇൗ വാർത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു.

അതേസമയം, അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ‍ അറിയിച്ചു. ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് അറിയിച്ചത്.